വൈപ്പിന്‍: ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവ് പതിനാറുകാരിയായ മലയാളി ബാലികയെ ബംഗളൂരിലേയ്ക്ക് ക്ഷണിച്ചു വരുത്തി പീഡിപ്പിച്ച സംഭവത്തില്‍ മാംഗ്ലൂര്‍ സ്വദേശിയായ അന്‍സാര്‍ (20) എന്ന യുവാവിനെ ഞാറക്കല്‍ പോലീസ് ബംഗളൂരില്‍ നിന്നും അറസ്റ്റ്ചെയ്ത് ഞാറക്കലില്‍ എത്തിച്ചതായി സൂചന. ഈ മാസം നാലിനു പോയ പോലീസ് സംഘം പ്രതിയുമായി ഇന്നലെയാണു തിരിച്ചെത്തിയത്.
കഴിഞ്ഞമാസം പകുതിയോടെ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് രണ്ടാഴ്ചക്കു ശേഷം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബാലികയെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.
വൈപ്പിന്‍ സ്വദേശിയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് ഫേസ്ബുക്ക് ചാറ്റിംഗിലൂടെയാണ് യുവാവിനെ പരിചയപ്പെടുന്നത്. ഇതിനിടയിലാണു ബാലിയകയെ യുവാവ് ബംഗളൂരിലേക്ക് ക്ഷണിച്ചത്. വീടു വിട്ട ബാലിക ട്രെയിന്‍ മാര്‍ഗം ബംഗളുരിലെത്തി യുവാവിനെ കാണുകയും അവിടെ ലോഡ്ജില്‍ മുറിയെടുത്ത് അഞ്ചു ദിവസത്തോളം താമസിക്കുകയും ചെയ്തു. ഇതിനിടയിലാണ് പീഡനം നടന്നത്.
തിരികെ എത്തിയപ്പോള്‍ പോലീസ് പിടിയിലായ ബാലികയെ വൈദ്യപരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിന്റെ അടിസ്ഥാനത്തില്‍ ഞാറക്കല്‍ പോലീസ് യുവാവിനെതിരെ പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനു ശേഷമാണ് പോലീസ് സംഘം പ്രതിയെ തേടി ബംഗളൂരിലേക്ക് പോയതും അറസ്റ്റ് ചെയ്തതും. പ്രതിയെ ഇന്നോ നാളെയോ കോടതിയില്‍ ഹാജരാക്കും.