ബഗ് കണ്ടെത്തിയാല്‍ ഫേസ്ബുക്ക് ബാഗ് നിറയ്ക്കും! വി.ആര്‍. ഹരിപ്രസാദ്

facebookനേരവും കാശും കളയുന്ന ഏര്‍പ്പാടാണ് ഫേസ്ബുക്ക് എന്ന് പലര്‍ക്കും ഒരു ചിന്തയുണ്ട്. അവരെ കുറ്റം പറയാന്‍ വയ്യ. നിരന്തരം ഡാറ്റാ പായ്ക്കുകള്‍ വാങ്ങേണ്ടിവരുന്ന, സദാ മൊബൈല്‍ സ്ക്രീനിലേക്കു നോക്കിയിരിക്കുന്ന പുതുതലമുറക്കാരാണ് അവരെക്കൊണ്ട് അങ്ങനെ പറയിക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് അടുത്തയിടെ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരതു മാറ്റിപ്പറയുമെന്ന് ഉറപ്പാണ്. സംഗതി ഇതാണ്- ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി ഫേസ്ബുക്ക് ഇന്ത്യക്കാര്‍ക്ക് ഇതുവരെ 4.84 കോടി രൂപ സമ്മാനമായി നല്‍കി! ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം ആയ ഫേസ്ബുക്ക് ഇന്നുവരെ നല്‍കിയതില്‍വച്ച് ഏറ്റവും വലിയ തുകയാണ് ഇത്.

പതിനാലു കോടിയിലേറെ ഉപയോക്താക്കളുണ്ട് ഇന്ത്യയില്‍ ഫേസ്ബുക്കിന്. ബഗ് കണ്ടെത്താനുള്ള പ്രോഗ്രാമുമായി സഹകരിക്കുന്ന 127 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകളുള്ളതും ഇന്ത്യയില്‍നിന്നുതന്നെയാണ്. 2011ല്‍ തുടക്കമിട്ടതുമുതല്‍ 205 ഇന്ത്യക്കാരാണ് ഈ ഗവേഷണങ്ങളില്‍ സഹായിക്കുന്നതെന്ന് ഫേസ്ബുക്ക് ബൗണ്ടി ടീം ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജര്‍ ആദം റഡര്‍മാന്‍ പറയുന്നു.

ഫേസ്ബുക്കിന്റെ ബൗണ്ടി പ്രോഗ്രാമിലേക്ക് ഇതുവരെ ഏതാണ്ട് 2,400 ഗുണപരമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി ആറായിരത്തോളം ഗവേഷകര്‍ ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഇന്ത്യ, ഈജിപ്ത്, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയിട്ടുള്ളത്.

ബഗ്, ബഗ് ബൗണ്ടി പ്രോഗ്രാം

ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തെ തകിടം മറിക്കാവുന്ന തെറ്റോ കുറവോ ആണ് ബഗ് എന്നറിയപ്പെടുന്നത്. ഇത് സോഫ്റ്റ്‌വെയറിലോ ഹാര്‍ഡ്‌വെയറിലോ സംഭവിക്കാം. ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യുമ്പോള്‍ സോഫ്റ്റ്‌വെയറില്‍ ഉണ്ടാകുന്ന കോണ്‍ഫ്‌ളിക്ടുകളായാണ് ഇതു തിരിച്ചറിയപ്പെടുക. സോഫ്റ്റ്‌വെയര്‍ ക്രാഷാകാനോ അപ്രതീക്ഷിത റിസല്‍റ്റുകള്‍ ഉണ്ടാകാനോ ബഗുകള്‍ കാരണമാകും. ഉപയോക്താക്കളുടെ കംപ്യൂട്ടറുകളിലേക്ക് മറ്റുള്ളവര്‍ക്ക് അനധികൃതമായി കടന്നുകയറാനും ഡാറ്റ ചോര്‍ത്താനും ബഗുകള്‍ വഴി സാധ്യമാണ്.

ഇത്തരം ബഗുകള്‍ കണ്ടെത്താനും അതുവഴി സമ്മാനം നേടാനും സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരും വെബ്‌സൈറ്റുകളും വ്യക്തികള്‍ക്ക് അവസരമൊരുക്കാറുണ്ട്. പ്രശ്‌നങ്ങളുണ്ടെന്ന് പൊതു ഉപയോക്താക്കള്‍ തിരിച്ചറിയുന്നതിനു മുമ്പ് അവ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് പ്രതിഫലം ലഭിക്കുക. ഫേസ്ബുക്ക്, യാഹൂ!, ഗൂഗിള്‍, റിഡിറ്റ്, സ്ക്വയര്‍ തുടങ്ങിയവയാണ് ബഗ് ബൗണ്ടി പ്രോഗ്രാമുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രമുഖര്‍.

Related posts