ബയേണിന് ഇത് 26-ാം കിരീടം

sp-sammanamമ്യൂണിക്: ജര്‍മന്‍ ആഭ്യന്തര ഫുട്‌ബോള്‍ ലീഗിന്റെ ചാമ്പ്യന്‍പട്ടം തങ്ങള്‍ക്കു തന്നെയെന്ന് ബയേണ്‍ മ്യൂണിക് നാലാം തവണയും തെളിയിച്ചു. 26 തവണ ലീഗ് കിരീടമുയര്‍ത്തിയിട്ടുള്ള ബയേണ്‍ ആദ്യമായാണ് തുടര്‍ച്ചയായി നാലു സീസണിലും ചാമ്പ്യന്‍മാരാവുന്നത്. ഈ സീസണോടെ ക്ലബ് വിടുന്ന ടീം മാനേജര്‍ പെപ് ഗാര്‍ഡിയോളയ്ക്കു കിരീടം നല്‍കിക്കൊണ്ട് മികച്ചൊരു യാത്രയയപ്പ് നല്‍കാനും ബവേറിയന്‍സിനായി. ഗാര്‍ഡിയോളയുടെ മൂന്നാം ബുണ്ടസ് ലിഗ കിരീടമാണ്. 2015-16 സീസണില്‍ ഇനി ഒരു മത്സരം കൂടി ബാക്കിയുള്ളപ്പോള്‍ ബയേണ്‍ രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം എട്ടാക്കി ഉയര്‍ത്തിക്കൊണ്ടു കിരീടം ചൂടി.

ലീഗ് അവസാനത്തോടടുത്തപ്പോള്‍ നേരിട്ട സമനിലകളും തോല്‍വിയും ബയേണിന്റെ കിരീടവിജയം നേരത്തെയാക്കുന്നത് തടഞ്ഞു. കഴിഞ്ഞ മൂന്നു സീസണിനെ അപേക്ഷിച്ച് ഈ സീസണില്‍ ബയേണിന് രണ്ടാം സ്ഥാനക്കാരുമായി വലിയ പോരാട്ടം നടത്തേണ്ടിവന്നു. ലീഗിന്റെ തുടക്കം മുതല്‍ നേടിയ വിജയങ്ങള്‍ ബയേണിന്റെ സ്ഥാനം ഒന്നാം സ്ഥാനത്തു തന്നെ തുടരാന്‍ സഹായിച്ചു.

ഇതുകൊണ്ട് തന്നെയാണ് കിരീടം ഉയര്‍ത്താനും സഹായകമായത് ഒരു കളികൂടി ബാക്കിയുള്ളപ്പോള്‍ 27 ജയം രണ്ടു തോല്‍വി നാലു സമനില എന്നിങ്ങനെയായിരുന്നു ബാവേറിയന്‍സിന്റെ പേരിലുണ്ടായിരുന്നത്. 2011-12 കിരീടം നേടിയശേഷം ബയേണിന്റെ കുതിപ്പിനു മുന്നില്‍ പതറിയ ഡോര്‍ട്ട്മുണ്ട് ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും കിരീടത്തിലെത്താനായില്ല.

ഈ സീസണിലെ നേട്ടത്തോടെ ബയേണ്‍ ലീഗ് കിരീടങ്ങളുടെ എണ്ണം 26 ആക്കി. ആദ്യമായാണ് ബയേണ്‍ തുടര്‍ച്ചയായി നാലു സീസണിലും ചാമ്പ്യന്മാരാകുന്നത്. ഹോം ഗ്രൗണ്ടില്‍ തോല്‍വിയറിയാതെ കുതിച്ച ബയേണിനെ 2-1ന് മെയിനിസ് തകര്‍ത്തിരുന്നു. അതിനുമുമ്പ് മോണ്‍ചെന്‍ഗ്ലഡ്ബാഷില്‍നിന്നും തോല്‍വിയേറ്റുവാങ്ങി.

29 ഗോളുമായി ലീഗിലെ ടോപ് സ്‌കോററായ റോബര്‍ട്ട് ലെവന്‍ഡോസ്കി, 20 ഗോള്‍ നേടിയ തോമസ് മ്യൂളര്‍ എന്നിവരുടെ മികവാണ് ബയേണിനു മികച്ച ജയങ്ങള്‍ ഒരുക്കിയത്. മധ്യനിരയില്‍ ആര്‍തുറോ വിദാല്‍, ഡഗ്ലസ് കോസ്റ്റ, സാബി അലോന്‍സോ എന്നിവരും മികച്ച പ്രകടനം നടത്തി. പ്രതിരോധത്തില്‍ നായകന്‍ ഫിലിപ്പ് ലാമിനൊപ്പം ജെറോം ബോട്ടംഗ്, റാഫിഞ്ഞ എന്നിവര്‍ തീര്‍ത്ത കോട്ട ടീമിന്റെ ജയങ്ങള്‍ക്കു നിര്‍ണായകമായി.

ഗോള്‍കീപ്പര്‍ മാനുവല്‍ നോയറിന്റെ പോസ്റ്റിനു കീഴിലുള്ള പ്രകടനം മികവുറ്റതായിരുന്നു.ചാമ്പ്യന്‍സ് ലീഗ് സീസണിലും സെമിയില്‍ പുറത്തായ ബയേണ്‍ ഈ സീസണിലും ആഭ്യന്തര ഫുട്‌ബോളിലെ മൂന്നു കിരീടമാണ് നോട്ടമിടുന്നത്. ഇനി ബയേണിന്റെ ലക്ഷ്യം ജര്‍മന്‍ കപ്പാണ്. 21ന് നടക്കുന്ന ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് എതിരാളികള്‍.

Related posts