സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം തകരാറിലായ സംഭവത്തില്‍ റിസര്‍വേഷന്‍ കരാര്‍ എടുത്തിരിക്കുന്ന കെല്‍ട്രോണില്‍നിന്നു കെഎസ്ആര്‍ടിസി നഷ്ടപരിഹാരമായി 12 ലക്ഷം രൂപ ഈടാക്കും. റിസര്‍വേഷന്‍ തകരാര്‍ മൂലം 12 ലക്ഷം രൂപ നഷ്ടമുണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ കണക്ക്. ഈ തുക നല്‍കിയില്ലെങ്കില്‍ അടുത്തമാസത്തെ കമ്മീഷന് തുകയില്‍ നിന്നും ഇത് ഈടാക്കുമെന്നു കാണിച്ച് കെഎസ്ആര്‍ടിസി കെല്‍ട്രോണ്‍ നോട്ടീസും നല്കി.
സ്വകാര്യ ദീര്‍ഘദൂര ബസുകളെ സഹായിക്കുന്നതിനാണ് ഓണ്‍ലൈന്‍ സംവിധാനം മനഃപൂര്‍വം തകരാറിലാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് റിസര്‍വേഷന്‍ കരാര്‍ എടുത്ത കെല്‍ട്രോണ്‍ കോഴിക്കോട് ആസ്ഥാനമായ മറ്റൊരു കമ്പനിക്കു കരാര്‍ മറിച്ചുകൊടുത്തിരിക്കുകയാണ്. ഈ കമ്പനി കരാര്‍ വീണ്ടും മറിച്ചു നല്‍കിയതായും ആരോപണമുണ്ട്.
കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം തകറാറിലായ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് ഉത്തരവിട്ടു. ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാലിനോടാണ് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്കുന്നതിന്ആവശ്യപ്പെട്ടത്.
കഴിഞ്ഞ 17നു വൈകുന്നേരമാണ് കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാലു മണിക്കൂറോളം തകരാറിലായത്. ഇതുമൂലം ബംഗളുരുവിലേക്കുള്ളവരടക്കമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരുന്നു.സെര്‍വര്‍ തകരാറിലായതോടെ, ആരൊക്കെയാണ് ബുക്ക് ചെയ്തതെന്നു പോലും അറിയാന്‍ സാധിക്കാതെയാണ് പല ബസുകളും സര്‍വീസ് നടത്തിയത്.