ഭിന്നതയ്ക്കിടെ ശ്രീമൂലനഗരത്ത് സിപിഎമ്മിനു പുതിയ ലോക്കല്‍ സെക്രട്ടറി

ekm CPIMകാലടി: സിപിഎം ശ്രീമൂലനഗരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സിഐടിയു കാലടി എരിയാ സെക്രട്ടറി കൂടിയായ ടി.വി. രാജനെ തെരഞ്ഞെടുത്തു. നിലവില്‍ കളമശേരി എരിയാ സെക്രട്ടറിയായിരുന്ന സി.കെ. പരീതിനായിരുന്നു ശ്രീമൂലനഗരം ലോക്കല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതല. ഒന്നര വര്‍ഷം മുന്‍പ് ലോക്കല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന സമ്മേളനത്തില്‍ വി.എസ്-പിണറായി പക്ഷങ്ങള്‍ ചേരിതിരിഞ്ഞു സംഘര്‍ഷമുണ്ടായിരുന്നു. ഇതേതുടര്‍ന്നു സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടാണു പരീതിനെ താത്ക്കാലിക സെക്രട്ടറിയാക്കി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.

പുതിയകമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. രാജീവ്, ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍.സി. മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം സി.കെ. പരീത് എന്നിവര്‍ പങ്കെടുത്തു.വി.എസ് പക്ഷക്കാരനായിരുന്ന ടി.വി. രാജനുമായി ഔദ്യോഗിക വിഭാഗം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥനത്തിലാണു സെക്രട്ടറിയാക്കിയതെന്നു പറയുന്നു. വി.എസ്. പക്ഷത്തെ മുതിര്‍ന്ന അംഗം എം.പി. അബു സെക്രട്ടറിയാകുന്നത് തടയുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണെ്ടന്ന് ആക്ഷേപമുണ്ട്.

അതേസമയം പിണറായി പക്ഷത്തുനിന്നു കമ്മിറ്റിയില്‍ എത്തിയ നാലു പേര്‍ക്കെതിരേ ഗ്രൂപ്പില്‍നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുടുംബാധിപത്യമാണു നടക്കുന്നതെന്നാണു പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വാദം. പിണറായി പക്ഷത്തുനിന്നു കഴിഞ്ഞ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ടി.ഐ. കണ്ണപ്പനും മകന്‍ ടി.കെ. സന്തോഷും പുതിയ കമ്മിറ്റിയിലുണ്ട്. പുതിയ കമ്മിറ്റിയിലെ ഒ.എന്‍. ബാബു, ഒ.എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി സെക്രട്ടറിയായിരുന്ന പിണറായി പക്ഷത്തെ നസീര്‍ഖാനെ കഴിഞ്ഞ ദിവസം തത്‌സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.

ഇതേ കമ്മിറ്റിയില്‍ പ്രസിഡന്റായിരുന്ന ഒ.എന്‍. ഗോപാലകൃഷ്ണനെ പുതിയ സെക്രട്ടറിയാക്കി. ശ്രീമൂലനഗരം സഹകരണബാങ്ക് സെക്രട്ടറിയായ സി.ടി. ഹരിദാസിനെയാണു പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരെ സംഘടനയുടെ ചുമതലക്കാരാക്കരുതെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്നാണ് ഈ നടപടിയെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. പ്രതിഷേധം ശക്തമായതോടെ പിണറായി പക്ഷത്തുനിന്നുള്ള ലോക്കല്‍ കമ്മിറ്റിയംഗവും എടനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ടി.ഐ. കണ്ണപ്പനെതിരേ ശ്രീമൂലനഗരം, തെറ്റാലി പ്രദേശങ്ങളില്‍ വ്യാപകമായി പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും ഉയര്‍ന്നു. ബാങ്കിനു വേണ്ടി ശ്രീമൂലനഗരത്ത് അറുപത് സെന്റ് സ്ഥലം വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്നാരോപിച്ചാണു ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

പഞ്ചായത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികളില്‍നിന്നു നിരവധി പ്രവര്‍ത്തകര്‍ അടുത്തിടെ സിപിഐയിലേക്കു പോയിരുന്നു. സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ സിപിഐയിലേക്കു മാറാനുളള നീക്കത്തിലുമാണ്. കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു പുതിയ ലോക്കല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നും പറയുന്നുണ്ട്.

Related posts