ഭൂമി ഇടപാടുകളിലെ പരിഷ്ക്കാരങ്ങള്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാറ്റും ; പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് ഭൂമാഫിയകളെ സഹായിക്കാനെന്ന് വിഎസ്

VSആലുവ: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി ഇടപാടുകളില്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൊളിച്ചടക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍.   പുതിയ പരിഷ്കാരങ്ങളെല്ലാം വമ്പന്മാരായ ഭൂമാഫിയകളെ സഹായിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലമ്പുഴയിലേയ്ക്കുള്ള യാത്രാമധ്യേ ആലുവ പാലസില്‍ എത്തിയ വി.എസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോടതി വിധിക്ക് വിധേയമായി നെല്ലിയാംമ്പതിയിലെ കരുണ എസ്റ്റേറ്റില്‍ നിന്നും കരം ഈടാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ ഭേദഗതി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി അഞ്ചുലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഈ പ്രഖ്യാപനം.

അനധികൃത കൈവശക്കാര്‍ക്കെതിരെ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയെന്ന ലക്ഷ്യം ഈ ഉത്തരവിലൂടെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ നേടിയിരിക്കുകയാണ്. അഞ്ചുലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ രൂപവത്ക്കരിച്ച ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം 30 ഓളം കേസുകള്‍ എടുത്തിരുന്നു. കരുണാ എസ്‌റ്റേറ്റ് ഉത്തരവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ അനധികൃത കൈവശകാര്‍ക്കെതിരെ എടുത്ത എല്ലാ കേസും അവസാനിപ്പിക്കേണ്ടിവരും.

Related posts