മങ്കൊമ്പ്: കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായ കൈനകരി കൃഷിഭവന് പരിധിയിലെ കുപ്പപ്പുറം പാടശേഖര ത്തെ മട കുത്താന്‍ മൂന്നുലക്ഷം രൂപ വായ്പയായി നല്‍കുമെന്ന് തോമസ് ചാണ്ടി എംഎല്‍എ. ഇന്നലെ കൃഷി മന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനവേളയില്‍ കുപ്പപ്പുറം പാടശേഖരവും സന്ദര്‍ശിച്ചിരുന്നു. പാടശേഖര സമിതി പണം കണ്ടെത്തി അടിയന്തിരമായി മട കുത്തി കൃഷി ആരംഭിക്കണമെന്നും പിന്നീട് പാടശേഖര സമിതിക്കു സര്‍ക്കാര്‍ പണം തിരികെ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സമിതി ഇത്രയും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് എംഎല്‍എ കളക്ടറുമായുണ്ടാക്കിയ ധാരണ പ്രകാരം മൂന്നുലക്ഷം രൂപ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. മട വീഴ്ചയെ തുടര്‍ന്ന് ഒഴുകിപ്പോയ പെട്ടിയും പറക്കും പകരം പുതിയവ നിര്‍മിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു നല്‍കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.