മട്ടന്നൂര്‍: നിരോധിത ലഹരി ഉത്പന്നങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു കടത്തി കൊണ്ടുവരുന്നതു വ്യാപകമാകുന്നു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണു കണ്ണൂര്‍ ജില്ലയിലേക്കു കൊണ്ടുവരുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സ്ഥലം മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഉളിയില്‍, നരയമ്പാറ പ്രദേശത്താണെന്നാണു വിവരം.
ഉളിയില്‍ നിന്നു 15 കിലോ മീറ്റര്‍ ദൂരം മാത്രമാണു കര്‍ണാടക അതിര്ത്തിയിലേക്കുളളത്. ചെക്ക്പോസ്റ്റുകളില്‍ കാര്യമായ പരിശോധനയില്ലാത്തതും ഇത്തരക്കാര്‍ക്ക് അനുഗ്രഹമാണ്. കുട്ടുപുഴ വഴിയാണു ലഹരി വസ്തുക്കള്‍ ജില്ലയിലേക്കു പ്രധാനമായും കടത്തികൊണ്ടുവരുന്നത്.
ഹാന്‍സ്, മധു, പാന്‍പരാഗ്, കൂള്‍ലിപ് എന്നിവയുടെ പായ്ക്കറ്റുകളാണു കൂടുതലായും വില്പനയ്ക്കായി കൊണ്ടുവരുന്നത്. കാറിലും കര്‍ണാടകത്തില്‍ നിന്നു പച്ചക്കറി കയറ്റി വരുന്ന ലോറികളിലും മറ്റുമായാണു ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നത്.
പച്ചക്കറി വാഹനങ്ങള്‍ കാര്യമായി പരിശോധിക്കാതെ ചെക്ക്പോസ്റ്റുകളില്‍ പേരിനു നോക്കി കടത്തിവിടുകയാണെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. പരിശോധന കര്‍ശനമല്ലാത്തതിനാല്‍ ലക്ഷക്കണക്കനു പായ്ക്കറ്റുകളാണു കടത്തികൊണ്ടു വരുന്നത്. കര്‍ണാടത്തില്‍ നാലു രൂപയ്ക്കു ലഭിക്കുന്ന പായ്ക്കറ്റ് നാട്ടിലെത്തിച്ചാല്‍ 20 മുതല്‍ 30 രൂപ വരെ വാങ്ങിയാണ് ആവശ്യക്കാര്‍ക്കു വില്‍ക്കുന്നത്. ലഹരി വസ്തുക്കള്‍ കര്‍ണാടകത്തില്‍ നിന്നു കൊണ്ടുവരാന്‍ നിരവധി സംഘങ്ങളാണു പ്രവര്‍ത്തിക്കുന്നത്. കര്‍ണാടത്തില്‍ നിന്നെത്തിക്കുന്ന ലഹരി വസ്തുക്കളുടെ പായ്ക്കറ്റുകള്‍ ചാക്കുകളിലാക്കി ആളൊഴിഞ്ഞ പ്രദേശത്തെ കലുങ്കിനുളളിലും വീടുകളിലും സൂക്ഷിച്ചാണു വില്പന. കടകള്‍ക്കു പുറമെ നടന്നു വില്പന നടത്തുന്നവരും സജീവമായിട്ടുണ്ട്.
മട്ടന്നൂര്‍, ഉളിയില്‍, പട്ടാന്നൂര്‍, നരയമ്പാറ ടൗണുകളിലെ ചില കടകളില്‍ പോലീസ് പരിശോധന നടത്തി പായ്ക്കറ്റുകള്‍ പിടികൂടിയിരുന്നു. മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ മദ്യഷാപ്പിനു സമീപത്തുളള കടകളില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വ്യാപകമായതായി പരാതി ഉയര്‍ന്നിരുന്നു. മദ്യം വാങ്ങാനെത്തുന്നവരാണു കൂടുതലായും പായ്ക്കറ്റുകള്‍ വാങ്ങുന്നത്. നിരോധിത ഉത്പന്നങ്ങളായതിനാല്‍ ഇവയ്ക്കു കടക്കാര് കോഡും നല്‍കിയിട്ടുണ്ട്.
കടകളിലെത്തി ലഹരി വസ്്തുക്കളുടെ പേര് പറഞ്ഞാല്‍ ഇവിടെയില്ലന്നായിരിക്കും കടക്കാരന്റെ പ്രതികരണം. എന്നാല്‍ ഒരു മഞ്ഞയെന്നു പറഞ്ഞാല്‍ ഹാന്‍സും പച്ചയെന്നു പറഞ്ഞാല്‍ മധുവിന്റെയും പായ്ക്കറ്റ് നല്‍കും. സ്ഥിരമായി വാങ്ങുന്നവര്‍ക്കു കോഡിന്റെ ആവശ്യമില്ല. ്അവരെ കാണുമ്പോള്‍ തന്നെ കടക്കാരന് എടുത്തു കൊടുക്കും.
ലഹരി വസ്തുക്കള്‍ വ്യാപകമായതോടെ മട്ടന്നൂര്‍ പോലീസും എക്സൈസും ഉളിയില്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ ആറ് മാസത്തിനുളളില്‍ ഒരു ലക്ഷത്തോളം പായ്ക്കറ്റുകള്‍ പിടികൂടിയിരുന്നു. കടകളില്‍ നിന്നും മറ്റും എത്ര പായ്ക്കറ്റുകളും പിടികൂടിയാല്‍ 200 രൂപ മാത്രമാണ് എക്സൈസും പോലീസും പിഴ ഈടാക്കുന്നത്. അറസ്ററ് ചെയ്തയാളെ പിഴ അടച്ചയുടനെ ജാമ്യത്തില്‍ വിടുകയും ചെയ്യും. ഇതാണ് വില്പന വര്ധിക്കാനിടയാകുന്നത്. ഒരു പായ്ക്കറ്റ് വിറ്റാല്‍ കടക്കാരന് അഞ്ചുമുതല്‍ പത്ത് രുപവരെ കമ്മീഷന് നല്‍കുന്നുണ്ട്.
ദിവസം നൂറും ഇരുന്നൂറും പായ്ക്കറ്റുകള്‍ വില്ക്കുന്നവര് മട്ടന്നൂരിലും പരിസരങ്ങളിലുമുണ്ട്. വിദേശ മദ്യം വാങ്ങി വില്പന നടത്തിയാല്‍ പോലും കേസ് വലിയതാണ്. എന്നാല്‍ നിരോധിത ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തി ജനങ്ങളെ മാറാരോഗികളാക്കുന്നവര്ക്ക് തുച്ഛമായ പിഴ ചുമത്തുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.