തൃശൂര്‍: കുട്ടിയോളം വരുമോ കുപ്പി എന്നാണ് ഇപ്പോള്‍ വടൂക്കരക്കാര് ചോദിക്കുന്നത്. ഓണക്കാലത്ത് പറഞ്ഞുചിരിക്കാന്‍ വടൂക്കരക്കാര്ക്കൊരു നല്ല കുപ്പിക്കഥ കിട്ടിയിരിക്കുകയാണ്. ഓണം പൊലിപ്പിക്കാനും ആഘോഷമാക്കാനുമായി ബീവറേജസ് കോര്പറേഷന് ഔട്ട്ലെറ്റില് മദ്യം വാങ്ങാന്‍ പോയ ഒരച്ഛന്റേയും അച്ഛന് കൂട്ടിന് കൂട്ടിക്കൊണ്ടുപോയ അഞ്ചുവയസുള്ള മകന്റേയും കഥയാണ് ഇപ്പോള്‍ വടൂക്കരയില്‍ ഓണപ്പാട്ടുപോലെ പാട്ടായിരിക്കുന്നത്. മദ്യം വാങ്ങാന്‍ അച്ഛന് പോകുമ്പോള്‍ അഞ്ചുവയസുകാരന് മകനെ ഒരു രസത്തിന് കൂടെക്കൂട്ടിയതാണ്.
ഓട്ടോയിലാണ് പോകുന്നത്, അപ്പോള്‍ മോനെക്കൂടി കൊണ്ടുപോകുന്നതില്‍ തെറ്റില്ലല്ലോ എന്ന് കരുതി ആള് മോനെ കൂടെക്കൂട്ടി. ബീവറേജസിലെ ക്യൂവിലേക്ക് കയറും മുമ്പ് ആള് മോനെ ഇവിടിരുന്നോട്ടാ, അച്ഛന് ഓടി വരാം എന്നും പറഞ്ഞ് ഓട്ടോയിലിരുത്തി. ക്യൂവില്‍ കാത്തുനിന്ന് ഒടുവില്‍ സാധനം കയ്യില്‍ കിട്ടിയപ്പോള്‍ നെഞ്ചോടു ചേര്‍ത്ത് അച്ഛന് വേഗം മുന്നില്‍ കണ്ടൊരു ഓട്ടോയില്‍ കയറി നേരെ വടൂക്കരയ്ക്ക് വിട്ടു. കുപ്പി കയ്യില്‍ കിട്ടിയതോടെ എല്ലാം മറന്ന അവസ്ഥയിലായി അച്ഛന്. വീടെത്തിയപ്പോഴാണ് കുട്ടിയെവിടെ എന്ന ചോദ്യം വീട്ടുകാര്‍ ചോദിച്ചത്.
അതോടെ കുട്ടിയെ തിരച്ചിലായി. നാട്ടുകാരും തിരച്ചിലില്‍ പങ്കു ചേര്‍ന്നു. അപ്പോഴൊന്നും കുട്ടിയെ ഓട്ടോയില്‍ ഇരുത്തിയ കാര്യം പാവം അച്ഛന് ഓര്മ വന്നില്ല. നെടുപുഴ പോലീസും സ്ഥലത്തെത്തി. എല്ലാവരും ചേര്‍ന്ന് എല്ലായിടവും തിരയുന്നതിനിടെ മുറ്റത്തേക്കൊരു ഓട്ടോ കയറി വന്നു. എല്ലാവരും ആകാംക്ഷയോടെ നോക്കിയപ്പോള്‍ ഓട്ടോഡ്രൈവര്‍ കുട്ടിയേയും കൊണ്ടുവന്നു.
കുട്ടിയുമായി അച്ഛന് ഓട്ടോയില്‍ കയറിയതും കുട്ടിയെ ഓട്ടോയിലിരുത്തി അച്ഛന് ബീവറേജസിന്റെ ക്യൂവില്‍ കയറിയതും കുപ്പി കിട്ടിയപ്പോള്‍ തുള്ളിച്ചാടി മറ്റൊരു ഓട്ടോയില്‍ കയറി സ്ഥലം വിട്ടതും എല്ലാം ഓട്ടോഡ്രൈവര്‍ വിശദീകരിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് വിവരം മനസിലാകുന്നത്. അബദ്ധം മനസിലായ അച്ഛന് കുപ്പി മാറ്റിവെച്ച് കൈവിട്ടുപോയ കുട്ടിയെ കെട്ടിപ്പിടിച്ച് തുരുതുരാ ഉമ്മ വെച്ച് തിരിച്ചുകിട്ടിയ സന്തോഷം പ്രകടിപ്പിച്ചു. അപ്പോഴാണ് കണ്ടുനിന്ന ആരോ ഒരാള്‍ ചോദിച്ചത്..കുട്ടിയോളം വരുമോ കുപ്പി…