ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്സര്‍ മനോജ് കുമാറിന് റിയോ ഒളിമ്പിക്സ് യോഗ്യത. യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബോക്സറാണ് മനോജ് കുമാര്‍. ശിവാ ഥാപ്പ(56)യാണ് ഇതിനു മുമ്പ് യോഗ്യത നേടിയ ഇന്ത്യന്‍ ബോക്സര്‍. 64 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന മനോജ് കുമാര്‍ ബാകുവില്‍ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നതോടെയാണ് റിയോ ബര്‍ത്ത് ഉറപ്പിച്ചത്. മറ്റു ബോക്സര്‍മാരായ വികാസ് കൃഷ്ണനും(75 കിലോ) സുമിത് സാംഗ് വാനും(81) ഒളിമ്പിക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്.
എന്നാല്‍, റിയോയിലെത്താമെന്ന മേരി കോമിന്റെ അവസാന ശ്രമവും പരാജയപ്പെട്ടു. മാര്‍ച്ചില്‍ നടന്ന ഏഷ്യന്‍ സോണ്‍ ക്വാളിഫയറിലും മേയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലും മേരി പരാജയപ്പെട്ടതിനേത്തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അഡ്ഹോക് കമ്മിറ്റിയും വൈല്‍ഡ് കാര്‍ഡ് എന്ട്രി്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മേരിയുടെ അപേക്ഷ തള്ളിയതോടെ മേരിയുടെ റിയോ സ്വപ്നം പൊലിഞ്ഞു. അഞ്ചു വട്ടം ലോകചാമ്പ്യനായ മേരി ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയിരുന്നു. ഇപ്പോള്‍ 33 വയസുള്ള മേരിക്ക് ഇനിയൊരു ഒളിമ്പിക്സ് ഏറെക്കുറേ അപ്രാപ്യമാണ്.