എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാര്‍ക്കും പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടം. അനാവശ്യ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും കൂടുതല്‍ സമയം ഓഫീസിലുണ്ടാകണമെന്നുമാണ് നിര്‍ദ്ദേശം. ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്ന വകുപ്പുകളായതിനാല്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. റവന്യൂ,കൃഷി ,ഭക്ഷ്യ സിവില്‍ സപ്ലൈസ്, വനം വകുപ്പുകളാണ് സി.പി.ഐ മന്ത്രിമാര്‍ക്കുള്ളത്. കൃഷിക്കാരെ സഹായിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്ത ഭൂമിയുമായി ബന്ധപ്പെട്ട വിവാദ തീരുമാനങ്ങള്‍ പരിശോധിച്ച് വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് പാര്‍ട്ടി നിര്‍ദ്ദേശം. കൂടാതെ കഴിഞ്ഞ ഒരു മാസക്കാലത്തെ മന്ത്രിമാരുടെ പ്രകടനം പാര്‍ട്ടി പരിശോധിക്കും.
ഈ മാസം 27,28 തീയതികളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ മന്ത്രിമാരുടെ പ്രകടനം വിലയിരുത്തും. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സമയബന്ധിതമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ പട്ടിക നല്‍കുകയും ചെയ്യും. വിവാഹം, മരണം തുടങ്ങിയവയ്ക്ക് പോകുന്നതൊഴിച്ചുള്ള സ്വകാര്യ പരിപാടികളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം തന്നെ നല്‍കും. മുന്‍ സര്‍ക്കാരിന്റെ കാലത്തും ഇത്തരം പെരുമാറ്റച്ചട്ടം പാര്‍ട്ടി നല്‍കിയിരുന്നു. ഇത്തവണയും ഇതു നല്‍കുകയാണ്.
പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ജനങ്ങളെ കുടുതല്‍ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങള്‍ പാടില്ലെന്നും തലസ്ഥാനത്തിന് പുറത്തക്കുള്ള പരിപാടികളില്‍ നിന്ത്രണം ഉണ്ടാക്കണമെന്നും ഓഫീസില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കണമെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശം ഉണ്ട്.