നെയ്യാറ്റിന്‍കര: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി അരങ്ങേറുന്ന അക്രമപ്രവര്‍ത്തന ങ്ങള്‍ക്കെതിരെ സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറവും നെയ്യാറ്റിന്‍കര പ്രസ് ക്ലബും സംയുക്തമായി ഇന്നലെ വൈകുന്നേരം നടത്തിയ ഉരുള്‍ പ്രതിഷേധ സമരം ശ്രദ്ധേയമായി. ജേര്‍ണലിസ്റ്റ് ഫോറം ട്രഷററും മാധ്യമപ്രവര്‍ത്തകനുമായ ഹലീല്‍ റഹ്മാനാണ് ദേശീയപാത നെയ്യാറ്റിന്‍കരയില്‍ സ്വദേശാഭിമാനി പാര്‍ക്കിനു മുന്നില്‍ നിന്നും നെയ്യാറ്റിന്‍കര കോടതിയിലേയ്ക്ക് റോഡില്‍ ഉരുണ്ട് പ്രതിഷേധിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെ പ്രകടനവും ഉരുള്‍ പ്രതിഷേധവും കോടതി റോഡിലേയ്ക്ക് എത്തുന്നതിനു മുമ്പ് പോലീസ് തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ സമ്മേളനം അഭിസംബോധന ചെയ്ത് പ്രസ് ക്ലബ് ഭാരവാഹികളായ വി. ഹരിദാസ്, പി.കെ അജിത്, സജിലാല്‍ നായര്‍, അനില്‍ സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ ജോസഫ്, ഷിജിന്, പ്രദീപ്, ബാദുഷ, എല്‍.കെ അപ്പന്, സന്ദീപ്, അരുണ്‍ മോഹന്‍, ഷിജിന്, ബിജു, ഷാജി, അഫ്സല്, ഗിരീഷ് പരുത്തിമഠം എന്നിവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച പ്രസ് ക്ലബ് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം, നെയ്യാറ്റിന്‍കര പ്രസ് ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കി.