മാന്‍വേട്ട കേസ്: സല്‍മാന്‍ ഖാനെ വെറുതെവിട്ടു; സംശയത്തിന്റെ ആനുകൂല്യം നല്‍കിയ കോടതി പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ എല്ലാം തള്ളി

salmanജോധ്പുര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെ വിട്ടു. സല്‍മാനൊപ്പം കേസിലെ മറ്റ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യം പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് നല്‍കിയ കോടതി പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ എല്ലാം തള്ളിയാണ് വിധി പ്രസ്താവിച്ചത്. കോടതി വിധി കേള്‍ക്കാന്‍ സല്‍മാന്‍ ഖാന്‍ ഹാജരായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരി അങ്കിത കോടതിയില്‍ എത്തിയിരുന്നു.

ജോധ്പൂരിന് സമീപം സിനിമ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ രണ്ടു കേസുകളാണ് താരത്തിനെതിരേ ചുമത്തിയിരുന്നത്. രണ്ടു കേസുകളിലായി ഒരു വര്‍ഷവും അഞ്ചു വര്‍ഷവും വീതം തടവും സല്‍മാന് കീഴ്‌ക്കോടതി വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സല്‍മാനും മറ്റു പ്രതികളും രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചത്. 1998 സെപ്റ്റംബര്‍ 26നും 28നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതികളെ വെറുതെവിട്ട വിധി ചോദ്യം ചെയ്ത പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കീഴ്‌കോടതി വിധിയെ തുടര്‍ന്ന് സല്‍മാന്‍ ഒരാഴ്ച ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

സല്‍മാനെ കുറ്റവിമുക്തനാക്കിയ വിധി ബോളിവുഡിന് ആശ്വാസമായി. നിരവധി പ്രോജക്ടുകളാണ് സല്‍മാനെ കേന്ദ്രീകരിച്ച് ബോളിവുഡ് അണിയറയില്‍ ഒരുങ്ങുന്നത്. ഈദുള്‍ ഫിത്വറിന് എത്തിയ സല്‍മാന്‍ ചിത്രം “സുല്‍ത്താന്‍’ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ന്ന് തീയറ്ററുകളില്‍ തുടരുകയാണ്.

Related posts