മാറനല്ലൂര്‍: ഊരൂട്ടമ്പലത്തിന് സമിപം നിറമണ്കുഴിയില് 6 വീടുകളും ബൈക്കും റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ 12.30ന് 30 പേരടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ച് വിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. നീറമണ്‍കുഴി കീഴ്പാട്ടുവിള ആര്യാഭവനില്‍ വിജയന്, തൊട്ടടുത്ത് ഇന്ദിര, രവീന്ദ്രന്, രഘു, അജയന്, പത്മകുമാര്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇതില്‍ വിജയന്റെ വീട്ടിനുളളില്‍ കടന്ന അക്രമികള്‍ വീട്ടുപകരണങ്ങള്‍ തകര്‍ത്തിട്ടുണ്ട്.
രവീന്ദ്രന്റെ വീട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്യ്തിരുന്ന ബൈക്കും വീടിന്റെ മുന്‍വാതിലും തകര്‍ത്തു. റോഡില്‍ പാര്‍ക്ക് ചെയ്യ്തിരുന്ന വിമിക്ത ഭടന്‍കൂടിയായ അനില്‍കുമാറിന്റെ കാറിന്റെ ചില്ലുകളും തകര്‍ത്തു. പ്രദേശത്തെ ചില യുവാക്കളും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. അക്രമത്തിനു പിന്നില്‍ ഇതാണോ കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാട്ടാക്കട സി ഐ അനിരൂപും മാറനല്ലൂര്‍ എസ് ഐ വി ഷിബുവും സംഭവ സ്ഥലത്തെത്തി.