മാലമോഷണസംഘം കണ്‍മുമ്പില്‍, നിസഹായരായി പോലീസ്

alp--malamoshanamകടുത്തുരുത്തി: വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് പായൂകയായിരുന്ന മോഷ്ടാക്കളുടെ സംഘത്തെ കണ്‍മുമ്പില്‍ കിട്ടിയിട്ടും പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല. പോലീസ് ജീപ്പ് ഓടിച്ചയാളുടെ ഡ്രൈവിംഗിലെ പരിചയകുറവാണ് ഓട്ടോറിക്ഷയില്‍ രക്ഷപെട്ട സ്ത്രീ ഉള്‍പെടെയുള്ള മൂന്നംഗ സംഘത്തെ പിടികൂടാന്‍ കഴിയാത്തതിനിടയാക്കിയത്. ചൊവ്വാഴ്ച്ച വൈകൂന്നേരം 5.30 ഓടെ കല്ലറ പാണ്ടവര്‍കുളങ്ങര ക്ഷേത്ര റോഡിലാണ്  സംഭവം ഉണ്ടായത്. കുന്നുംപുറത്ത് കുഞ്ഞുമോന്റെ ഭാര്യ ഷൈല (48) യുടെ രണ്ട് പവന്റെ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്. ബ്രെഡ് കമ്പിനിയില്‍ ജോലി ചെയ്യുന്ന ഷൈല ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോളാണ് സംഭവം.

ഈ സമയം കാറിലെത്തിയ സംഘം ഷൈലയുടെ സമീപം കാര്‍ നിര്‍ത്തി. കാറിലിരുന്ന സ്ത്രീ ഷൈലയോട് വഴി ചോദിച്ചു. തുടര്‍ന്ന് മഴയായതിനാല്‍ കുട ചൂടി ഷൈല മുന്നോട്ട് നടന്നു. ഈ സമയം പിന്നില്‍ നിന്നും ഓടിച്ചു വന്ന കാറിലിരുന്ന ആളാണ് കുട തട്ടിമാറ്റി ഷൈലയുടെ മാല പൊട്ടിച്ചെടുത്തത്. സ്ത്രീയും മാല പൊട്ടിച്ചയാളും ഡ്രൈവറും ഉള്‍പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇന്‍ഡിക്കാ കാറിലാണ് സംഘമെത്തിയത്.  വിവരമറിഞ്ഞ് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് മോഷണം നടന്ന വിവരവും മോഷ്ടാക്കള്‍ കാറില്‍ രക്ഷപെട്ട വിവരവും കൈമാറി. ചൊവ്വാഴ്ച്ച വൈകൂന്നേരം സീറോ ആക്‌സിഡന്റ് അവര്‍ ആയി പ്രഖ്യാപിച്ചിരുന്നതിനാല്‍ പോലീസുകാര്‍ നിരത്തുകളില്‍ സജീവമായിരുന്നു.

തുടര്‍ന്ന് അടയാളങ്ങള്‍ അനുസരിച്ചു മോഷ്ടാക്കള്‍ രക്ഷപെട്ട കാറും ഓടിച്ചിരുന്ന ഡ്രൈവറും കോതനല്ലൂരില്‍ നിന്നും പോലീസിന്റെ പിടിയിലായി. ലൈറ്റിട്ട് പായൂന്നതിനിടെ കോതനല്ലൂരില്‍ സിഐ എം.കെ. ബിനുകുമാര്‍ പോലീസ് ജീപ്പ് വട്ടം വച്ചാണ് കാറ് തടഞ്ഞ് സംഘാംഗമായ കറുകച്ചാല്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. മോഷണസമയത്ത് പ്രതികള്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റിഡിയിലെടുത്തു. പോലീസിന്റെ പിടിയില്‍ വീണേക്കുമെന്ന് സംശയത്തെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ സ്ത്രീ ഉള്‍പെടെ കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരും രക്ഷപെട്ടിരുന്നു. കുറുപ്പന്തറ ഭാഗത്തുവച്ച് ഈ ഓട്ടോറിക്ഷയെയും ഇതില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന പ്രതികളെയും ജീപ്പിലെത്തിയ കുടുത്തുരുത്തി സ്റ്റേഷനിലെ പോലീസ് സംഘം കണ്ടിരുന്നു.

തുടര്‍ന്ന് ഇവരുടെ പിന്നാലെ പാഞ്ഞെങ്കിലും പോലീസിനെ വെട്ടിച്ചു ഓട്ടോറിക്ഷയില്‍ പോയ മോഷ്ടാക്കള്‍ രക്ഷപെട്ടു. പോലീസ് ജീപ്പനെക്കാള്‍ വേഗത്തില്‍ ഓടിച്ചാണ് ഓട്ടോറിക്ഷയില്‍ മോഷ്ടാക്കള്‍ രക്ഷപെട്ടത്. എന്നാല്‍ പിടിയിലായ ആള്‍ പരസ്പര വിരുദ്ധമായ വിവരങ്ങള്‍ പറഞ്ഞ് പോലീസിനെ കുഴക്കുകയാണ്. ഇതേസമയം മോഷ്ടാക്കളെ മുന്നില്‍ കിട്ടിയിട്ടും പിടിക്കാന്‍ കഴിയാത്ത പോലീസിന്റെ കഴിവ്‌കേട് പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്.  തിങ്കളാഴ്ച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘം പെരുവയില്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവം ഉണ്ടായതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്.

പെരുവ നെല്ലിക്കാത്തുരുത്തേല്‍ കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മയുടെ രണ്ടുപവന്റെ മാലയണ് നഷ്ടപെട്ടത്. ഉച്ചക്ക് 12 മണിയോടെ  വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ കാവിക്കുളത്തിന് സമീപത്തു വച്ചാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തുരുത്തിപ്പിള്ളി റോഡിലേക്ക് കയറിയ ശേഷം പെട്ടന്ന് തിരികെ വന്ന് ചിന്നമ്മയുടെ കഴുത്തില്‍ നിന്നും മാല പറിച്ചു  പെരുവ ഭാഗത്തേക്ക് ബൈക്കോടിച്ചു പോകുകയായിരുന്നു. ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്നയാള്‍ മധ്യവയസ്കനാണെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞിരുന്നു. സമീപത്തെ വീട്ടുകാരന്‍ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.

Related posts