ഇരിട്ടി: മാലൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് മാലൂര്‍ മണ്ഡലം സെക്രട്ടറി എം. ഹാഷിമിന്റെ തൃക്കടാരിപ്പൊയിലിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത സംഭവത്തിലാണ് സിപിഎം പ്രവര്‍ത്തകരായ മാലൂര്‍ തോലമ്പ്രയിലെ പണിക്കന് ഷിജു (33), മൃദുല നിവാസില്‍ പ്രശോഭ് (20) എന്നിവരെ ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
ഇവര്‍ക്ക് ആക്രമണത്തിന് റിവോള്‍വര്‍, മഴു, എസ് കത്തി, വാള് എന്നിവ നിര്‍മിച്ചുനല്‍കിയതിന് കേളകം ചെങ്ങോത്തെ തങ്കച്ചന് എന്ന റോക്കറ്റ് തങ്കച്ചനെയും (60) ആയുധങ്ങള്‍ സൂക്ഷിച്ച സംഭവത്തില്‍ കുന്നത്ത് സുന്ദരനെ(40)യും അറസ്റ്റ് ചെയ്തു. റോക്കറ്റ് തങ്കച്ചന് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടി സുനിക്കും സംഘത്തിനും റിവോള്‍വര്‍ ഉണ്ടാക്കി നല്കിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ പ്രതിയാണ്. ഈ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. അറസ്റ്റിലായവര്‍ സജീവ സിപിഎം പ്രവര്‍ത്തകരാണ്.
കഴിഞ്ഞ 13ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. രാഷ്ട്രീയവിരോധമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു പുലര്‍ച്ചെ വീടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആയുധങ്ങള്‍ മാലൂര്‍ മച്ചൂര് മലയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇരിട്ടി ഡിവൈഎസ്പിക്കു പുറമെ മട്ടന്നൂര്‍ സിഐ ഷാജു ജോസഫ്, മാലൂര്‍ എസ്ഐ യു.പി. ബിപിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ്, സുനില്‍, സത്യന്, റെമീള എന്നിവരും സംഘത്തിലുണ്ടായിരുന്നു.