ഡൊമിനിക് ജോസഫ്
ചെങ്ങന്നൂര്‍: സംവരണ മണ്ഡലങ്ങളായ മാവേലിക്കരയിലും അടൂരും യുഡിഎഫ് സ്ഥാനാര്‍ഥികളായി പുന്നല ശ്രീകുമാറും കെ.കെ.ഷാജുവും മത്സരിക്കുവാന്‍ സാധ്യത. മാവേലിക്കര സംവരണ മണ്ഡലത്തില്‍ കെപിഎംഎസിലെ ഒരു വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായ പുന്നല ശ്രീകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച ധാരണ നേരത്തെ തന്നെ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുന്നല മാവേലിക്കര കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
കഴിഞ്ഞ തവണ ജെഎസ്എസിന് ലഭിച്ച ഈ സീറ്റില്‍ കെ.കെ.ഷാജുവാണ് മത്സരിച്ചത്. എന്നാല്‍ എസ്എഫ്ഐ നേതാവായിരുന്ന ആര്.രാജേഷിനോട് ദയനീയമായ പരാജപ്പെട്ട കെ.കെ.ഷാജു ഇത്തവണ മാവേലിക്കരയില്‍ മത്സരിക്കുവാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇവിടെ കോണ്‍ഗ്രസുമായി ധാരണയുള്ള കെപിഎംഎസ് വിഭാഗം സംസ്ഥാന പ്രസിഡന്റ് പുന്നലയെ മത്സരിപ്പിക്കുവാന്‍ ധാരണയിലെത്തിയിരിക്കുന്നത്. സിറ്റിംഗ് എംഎല്‍എയായ ആര് രാജേഷ് തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
സംവരണ മണ്ഡലമായ അടൂരില്‍ ജെഎസ്എസില്‍ നിന്നകന്ന് കോണ്‍ഗ്രസില്‍ ചേക്കേറുവാനായി നില്ക്കുന്ന കെ.കെ.ഷാജുവായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മാവേലിക്കരയില്‍ ഉണ്ടായ അപ്രതീക്ഷ പരാജയം മറികടക്കുവാന്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്ന തരത്തിലാണ് അടൂരില്‍ മത്സരിക്കുന്നത്. അടൂരിലെ സിറ്റിംഗ് എംഎല്‍എ സിപിഐ യിലെ ചിറ്റയം ഗോപകുമാര്‍ തന്നെ വീണ്ടും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ അടൂരില്‍ മറ്റാരെങ്കിലും അവസാന നിമിഷം വന്നാല്‍ മാത്രമേ കെ.കെ.ഷാജു മാവേലിക്കരയില്‍ മത്സരിക്കുകയുള്ളു. ഈ രണ്ട് സംവരണ മണ്ഡലങ്ങളും നിലനിര്‍ത്തുവാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ എന്ത് വില കൊടുത്തും തിരച്ച് പിടിക്കുവാനാണ് യുഡിഎഫ് ശ്രമം.
മാവേലിക്കരയില്‍ പുന്നല മത്സരിക്കുന്നതോടെ പട്ടികജാതി വിഭാഗത്തിലെ ഒരു വലിയ സമൂഹത്തിന്റെ വോട്ട് യുഡിഎഫിന് അനുകൂലമാക്കുവാന്‍ കഴിയുമെന്ന പ്രതിക്ഷയിലാണ് നേതൃത്വം.എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചാല്‍ കൊള്ളാമെന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി യും ഈ രണ്ട് മണ്ഡലങ്ങളില്‍ സുരക്ഷിതമായ ഒരിടമോ മറ്റ് ജനറല്‍ സീറ്റുകളില്‍ ഒന്നോ ലഭിക്കണം എന്ന തരത്തലുള്ള നീക്കവും നടക്കുന്നുണ്ട്. ഈ മണ്ഡലങ്ങളില്‍ മുന്‍ മന്ത്രി പന്തളം സുധാകരനടക്കം അഞ്ചോളം പേര് മത്സരമോഹവുമായി കോണ്‍ഗ്രസില്‍ രംഗത്തുണ്ട്.