നിലമ്പൂര്‍: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പാട്ടക്കരിമ്പ് കോളനിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവി കെ. വിജയന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കാവല്‍. രണ്ട് എസ്‌ഐമാരുള്‍പ്പെടെ പ്രത്യേക പരിശീലനം ലഭിച്ച 15 അംഗ സംഘത്തെയാണ് കോളനിയില്‍ നിയമിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തില്‍ പ്രശ്‌നാധിഷ്ഠിത ബൂത്തുള്‍പ്പെടുന്ന പ്രദേശം കൂടിയാണ് പാട്ടക്കരിമ്പ് കോളനി. കഴിഞ്ഞ ദിവസം ഒരു സംഘം മാവോയിസ്റ്റുകള്‍ പാട്ടക്കരിമ്പ് കോളനിയില്‍ എത്തുകയും കോളനിക്കാരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല മാവോയിസ്റ്റുകളെ പിന്നെയും പലതവണ കോളനിക്കാര്‍ കണ്ടതായി പറയുന്നു. മാവോയിസ്റ്റുകളുടെ തുടര്‍ച്ചയായ സന്ദര്‍ശനം കോളനി നിവാസികളുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നതായും പരാതിയുയര്‍ ന്നിരുന്നു. പൊറുതികെട്ട നാട്ടുകാര്‍ സര്‍വകക്ഷി യോഗം വിളിക്കാനും പഞ്ചായത്ത്, പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്താന്‍ തീരുമാനിച്ചതോടെയാണ് പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയത്.
ശനിയാഴ്ച എസ്പി കെ.വിജയന്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.എ. വര്‍ഗീസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാര്‍, സ്‌പെഷല്‍ എസ്‌ഐമാരായ ശശീന്ദ്രന്‍, മുരളീധരന്‍ എന്നിവര്‍ പാട്ടക്കരിമ്പ് കോളനിയും പുഞ്ചയിലെ അതീവ സുരക്ഷാ ബൂത്ത് സന്ദര്‍ശിച്ചിരുന്നു.