കളമശേരി: നിര്‍ദിഷ്ട കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പദ്ധതിക്കു പുതുപ്രതീക്ഷ പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് 27ന് എത്തുന്നു. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുന്ന ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി വരുന്നത്.കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പദ്ധതിയെ പുനര്‍ജീവിപ്പിക്കാനും ഒപി വിഭാഗം ആരംഭിക്കാനും വേണ്ട പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുമെന്നാണ് കരുതുന്നത്.
തലശേരി മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു കഴിഞ്ഞ ബജറ്റില്‍ 29 കോടി രൂപ അനുവദിച്ചതുപോലെ, കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനും മെഡിക്കല്‍ കോളജിനും തുക അനുവദിക്കണമെന്ന ആവശ്യം നിരന്തരം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വരവ്. നേരത്തെ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ സര്‍ക്കാര്‍ മെഡിക്കല്‍ കോളജും കാന്‍സര്‍ സെന്റര്‍ കെട്ടിടവും സന്ദര്‍ശിച്ചു പോയെങ്കിലും യാതൊരും നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അതിനൊരു മാറ്റം വരുത്തുമെന്നാണു കരുതുന്നത്.കാന്‍സര്‍ സെന്ററിന്റെ ഗവേണിംഗ് ബോഡി 27നു മുമ്പ് ചേര്‍ന്നേക്കും.
450 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയായി 2014 ഓഗസ്റ്റ് 18 നാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് കേന്ദ്രത്തിനു തറക്കല്ലിട്ടത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന 35 എക്കറില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് കേന്ദ്രമെന്നാണ് അന്നു വിഭാവനം ചെയ്തത്. എന്നാല്‍ ഫണ്ടില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ കോളജിന്റെ പണിതീരാത്ത പേ വാര്‍ഡ് കെട്ടിടം ഏറ്റെടുത്ത് പദ്ധതിയുടെ ആദ്യഘട്ടമെന്ന പേരില്‍ ഒപി വിഭാഗം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നിര്‍ദിഷ്ട കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പിനായി കൊച്ചിന് കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സൊസൈറ്റി (സിസിആര്സിസി) എന്ന പേരിലാണ് സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്. ആര്‍സിസി മാതൃകയിലാണു സൊസൈറ്റിയുടെ രൂപീകരണം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വകുപ്പുതല സെക്രട്ടറിമാരും അടങ്ങുന്ന സമിതിയാണിത്. കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പിനായുള്ള സൊസൈറ്റിയുടെ കണ്‍വീനര്‍ ഡയറക്ടറാണ്. പദ്ധതിയുടെ സ്പെഷല്‍ ഓഫീസറായി നിലവില്‍ ജില്ലാ കളക്ടറാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അടക്കം 31 തസ്തികയിലേക്കുള്ള നിയമനത്തിനു കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെങ്കിലും നടപടിക്രമം പൂര്‍ത്തിയായിട്ടില്ല. ഇതിനു ശേഷംമാത്രമേ ഒപി ആരംഭിക്കാനാകൂ.