പേരൂര്‍ക്കട: മുട്ടടയില്‍ പൊട്ടിയ പ്രിമോ പൈപ്പിന്റെ അറ്റകുറ്റപ്പണി വാട്ടര്‍അഥോറിറ്റി ആരംഭിച്ചു. ഇന്നലെ രാത്രി 11 മുതലാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. പേരൂര്‍ക്കട ടാങ്കില്‍ നിന്നു മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കുന്ന 400 എംഎം പൈപ്പാണ് ഇന്നലെ പുലര്‍ച്ചെ ഇവിടെ പൊട്ടിയത്. വാട്ടര്‍അഥോറിറ്റിയും കരാറുകാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം അറ്റകുറ്റപ്പണി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തുടങ്ങിയിരുന്നില്ല.
വൈകുന്നേരമായിട്ടും കുടിവെള്ളം ലഭിക്കാതായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോഡ് ഉപരോധം ഉള്‍പ്പെടെ സമരമാര്‍ഗങ്ങള്‍ ആരംഭിച്ചതോടെയാണ് പണി തുടങ്ങിയത്. പ്രിമോ പൈപ്പില്‍ പുതിയ റിംഗ് പൈപ്പ് ചേര്‍ത്താണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കേണ്ടത്. മഴപെയ്ത വെള്ളം നീക്കി പൊട്ടല്‍ കണ്ടെത്തിയിട്ടുവേണം പണി ആരംഭിക്കാന്‍. അറ്റകുറ്റപ്പണി ആരംഭിച്ചതോടെ റോഡുമുഴുവന്‍ ചളിക്കെട്ടും വാഹനഗതാഗത തടസവും ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് രോഗികളെയും കൊണ്ട് ആംബുലന്‍സുകള്‍ സഞ്ചരിക്കുന്ന പ്രധാന റോഡിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂര്‍, മെഡിക്കല്‍കോളജ് ഭാഗങ്ങളില്‍ ഇന്നും കുടിവെള്ളം പൂര്‍ണമായി മുടങ്ങും. ടാങ്കര്‍ലോറികളില്‍ ശുദ്ധജലമെത്തിക്കുമെന്നാണ് വാട്ടര്‍അഥോറിറ്റിയുടെ വാഗ്ദാനം.