മുക്കൂട്ടുതറ: അര്‍ധരാത്രിയില്‍ മുട്ടപ്പള്ളിയില്‍ റോഡില്‍ ചുറ്റിത്തിരിയുന്ന യുവാക്കളെ കണ്ട് പോലീസ് പരിശോധിച്ചപ്പോള്‍ മദ്യലഹരിക്കൊപ്പം ചുണ്ടില്‍ പുകഞ്ഞിരുന്നത് കഞ്ചാവിന്റെ ലഹരി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇതേ സ്ഥലത്ത് രാത്രിയില്‍ പട്രോളിംഗ് നടത്തിയ പോലീസ് സംഘത്തിന് കാണാന്‍ കഴിഞ്ഞത് കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കുന്ന രണ്ട് വിദ്യാര്‍ഥികളെ. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഇവരെ സ്റ്റേഷനിലെത്തിച്ച പോലീസ് മാതാപിതാക്കളെ വിളിച്ചുവരുത്തി. മക്കള്‍ കഞ്ചാവ് ഉപയോഗം ശീലമാക്കിക്കൊണ്ടിരിക്കുകയാണെന്നറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടിപ്പോയി.
താക്കീതും ഉപദേശവും കൂടാതെ കോട്ടയത്തെ പ്രമുഖ ചികിത്സാ കേന്ദ്രത്തിലെത്തിച്ച് വിദ്യാര്‍ഥികള്‍ക്ക് പോലീസ് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ സംബന്ധിച്ച് പോലീസ് രഹസ്യ അന്വേഷണം നടത്തിയപ്പോള്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വ്യക്തമായത്.
മേഖലയില്‍ കഞ്ചാവ് വില്‍പ്പനക്കാരായി പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികളായ ചിലരാണ്. കൂടാതെ അനധികൃത മദ്യക്കച്ചവടവുമുണ്ട്. നാല്പ്പതേക്കറിനു സമീപത്തെ ഒരു റോഡില്‍ രാത്രികാലത്താണ് ഇവര്‍ താവളമടിക്കുന്നത്.
രാത്രിയില്‍ മക്കള്‍ വീട്ടിലെത്താന്‍ താമസിച്ചാല്‍ മാതാപിതാക്കള്‍ അന്വേഷണം നടത്തണമെന്നും മക്കള്‍ പറയുന്ന മറുപടി സത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് പറയുന്നു. നാട്ടുകാരും പ്രദേശത്തെ സാംസ്കാരിക സംഘടനകളും ഇടപെട്ടാല്‍ ലഹരി വിതയ്ക്കുന്നവരെ പിടികൂടാനാകും. ഇതിനായി എല്ലാവരും മുന്നിട്ടിറങ്ങിയാല്‍ വലിയൊരു വിപത്തില്‍നിന്നു നാടിനെ രക്ഷിക്കാനാകുമെന്ന് പോലീസ് പറയുന്നു.