മുതുവല്ലിയില്‍ തകര്‍ന്ന കനാല്‍ നന്നാക്കിയില്ല

pkd-kanalമണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ മുതുവല്ലിയില്‍ തകര്‍ന്ന കനാല്‍ നന്നാക്കിയില്ലെന്നു പരാതി. കനാല്‍ തകര്‍ന്നു രണ്ടുവര്‍ഷമായിട്ടും അധികൃതര്‍ നടപടിയെടുത്തില്ലത്രേ.മുതുവല്ലി ഉച്ചമഹാളി ക്ഷേത്രത്തിനു സമീപത്തെ കനാലിന്റെ ഒരു ഭാഗമാണ് രണ്ടുവര്‍ഷംമുമ്പുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. കനത്ത മഴയില്‍ കനാലിനു സമീപപ്രദേശങ്ങളിലെ വീടുകളില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കനാലിലേക്കാണ്.

ഇത്തരത്തില്‍ അമിത ജലപ്രവാഹമുണ്ടായി കനാല്‍ തകരുകയായിരുന്നു. ഇതിനു പുറമേ കൃഷിയിടങ്ങളിലും വെള്ളം കയറിയിരുന്നു.കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള കനാലാണിത്. തെങ്കരയില്‍നിന്നും വട്ടപ്പറമ്പ്, മുതുവല്ലി വഴി പറശേരിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലാണിത്. കനാല്‍ തകര്‍ന്നതോടെ പ്രദേശവാസികള്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

മഴ ഇനിയും ശക്തമാകുന്നതോടെ കനാലില്‍നിന്നുള്ള വെള്ളം വീടുകളിലേക്കു കയറുന്നതിനും കാരമാകും. ഈ സാഹചര്യത്തില്‍ എത്രയുംവേഗം അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഓരോവര്‍ഷവും കനാല്‍ നവീകരണത്തിനായി ലക്ഷക്കണക്കിനു രൂപ ലാപ്‌സാകുമ്പോഴും അത്യാവശ്യ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

Related posts