‘മൂന്നാംകണ്ണി”ന്റെ കാഴ്ചയില്‍ ചൂളമടിച്ചെത്തും തീവണ്ടികള്‍

TCR-TRAQINഷൊര്‍ണൂര്‍: ട്രെയിന്‍എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്കു റെയില്‍വേ മൂന്നാംകണ്ണ് സംവിധാനം ഏര്‍പ്പെടുത്തി.  ഏതു പ്രതികൂല കാലാവസ്ഥയിലും എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്കു ദൂരേക്ക് വ്യക്തമായി കാണുന്നതിനുപകരിക്കുന്ന അത്യന്താധുനിക സംവിധാനമാണ് മൂന്നാംകണ്ണ്. പദ്ധതിക്കു നല്കിയിരിക്കുന്ന പേര് ത്രിനേത്ര എന്നാണ്. കനത്ത മഴയും മൂടല്‍മഞ്ഞും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയില്‍പോലും കാഴ്ചശക്തിക്കു വ്യക്തത പകരുന്ന പദ്ധതിയാണിത്. ആധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉയര്‍ന്ന റസലൂഷനുള്ള വീഡിയോ കാമറ, ഇന്‍ഫ്രാറെഡ് വീഡിയോ കാമറ, ഭൂപ്രദേശത്തിന്റെ മാപ്പിംഗ് എന്നിവ ഉള്‍പ്പെടുന്ന സംവിധാനമാണിത്.

മൂന്ന് ഉപസംവിധാനങ്ങളിലൂടെ ലഭിക്കുന്ന ഇമേജുകള്‍ സംയോജിപ്പിച്ച് ഒറ്റ വീഡിയോയായി എന്‍ജിന്‍ ഡ്രൈവറുടെ മുന്നിലുള്ള കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിയും. എത്ര മോശം കാലാവസ്ഥയിലും ഒരു കിലോമീറ്റര്‍ ദൂരേക്ക് മികച്ച കാഴ്ച ഡ്രൈവര്‍ക്ക് ഇതുവഴി ലഭ്യമാകും. കാഴ്ചക്കുറവുള്ള സമയത്തുപോലും വണ്ടി വേഗത്തില്‍ ഓടിക്കാന്‍ ഇതോടെ സാധിക്കും. രാത്രിയിലും മൂടല്‍മഞ്ഞിലും മഴയത്തും ഡ്രൈവര്‍മാര്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധിയും പരിഹരിക്കാനാകും. ബോര്‍ഡിനു കീഴിലുള്ള ഡവലപ്‌മെന്റ് സെല്ലാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയ്ക്കു സമാനമായ സംവിധാനമാണിത്. റെയില്‍വേ ബോര്‍ഡ് വികസിപ്പിച്ചെടുത്ത ഈ സിസ്റ്റം നിര്‍മിക്കാന്‍ വിദേശ കമ്പനികളില്‍ ചിലതു തയാറായിക്കഴിഞ്ഞു. എന്‍ജിന്‍ ഡ്രൈവറും ഏറ്റവും പിറകിലത്തെ കോച്ചും തമ്മിലുള്ള ബന്ധം  ഉറപ്പുവരുത്തുന്ന എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി സംവിധാനവും ഏര്‍പ്പെടുത്തും. നിലവിലുള്ള സ്ഥിതിയില്‍ എന്‍ജിന്‍ ഡ്രൈവറും ഏറ്റവും പിറകിലത്തെ കോച്ചും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത സ്ഥിതിയാണ്. ഇതുകൊണ്ടുതന്നെ പിറകില്‍ എന്തുനടക്കുന്നുവെന്ന് അറിയാന്‍ യാതൊരു സാധ്യതയുമില്ല. ഇതിനും പുതിയ സംവിധാനം വഴി പരിഹാരമാകും.

Related posts