കൂത്തുപറമ്പ്: വില്പനയ്ക്കു കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി യുവാവിനെ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തു. ഇരിട്ടി വള്ളിത്തോട് സ്വദേശി സതീഷ് കുമാര്‍ എന്ന നൗഷാദിനെ (43) യാണ് കൂത്തുപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രാജേന്ദ്രന്‍ അറസ്റ്റ്‌ചെയ്തത്. ഇയാളില്‍ നിന്നും 150 ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ വൈകുന്നേരം കുന്നോത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഇയാള്‍ മൈസൂരില്‍നിന്നും വാങ്ങിയ കഞ്ചാവ് വള്ളിത്തോട്, കൂട്ടുപുഴ ഭാഗങ്ങളില്‍ വില്‍പനയ്ക്കായി കൊണ്ടുവരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ പ്രജീഷ് കുന്നുമ്മല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പീതാംബരന്‍, കെ. ബിജു, പ്രേമരാജന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ അരകിലോഗ്രാം കഞ്ചാവുമായി ഇരിട്ടി കീഴൂരിലെ കിഴക്കേ പുതുപ്പള്ളിയില്‍ ജെന്‍സണ്‍ കെ. ജോസഫ് (39) എന്നയാളെയും കൂത്തുപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തും സംഘവും പൂക്കോട് വച്ചു പിടികൂടിയിരുന്നു.