മോദി നിരാശയില്‍, ചിലപ്പോള്‍ ഞാന്‍ കൊല്ലപ്പെട്ടേക്കാം; പ്രധാനമന്ത്രിയുടെ ഇഷ്ടക്കാര്‍ക്കായി അദ്ദേഹം നിയമങ്ങള്‍ വളച്ചൊടിക്കുകയാണ്: കേജരിവാള്‍

kejariwalന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മോദിക്ക് ഇച്ഛാഭംഗം സംഭവിച്ചി രിക്കുകയാണെന്നും തന്നെ വധിക്കാന്‍ വരെ ചിലപ്പോള്‍ മോദിക്കു സാധിച്ചേക്കുമെന്നുമാണ് കേജരിവാളിന്റെ ആരോപണം.

മോദി തലവനായിരിക്കുന്ന രാജ്യം എങ്ങനെയാണ് സുരക്ഷിതമാകുക. മോദിക്ക് ഇച്ഛാഭംഗം സംഭവിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ചിലപ്പോള്‍ എന്നെവരെ വധിക്കാന്‍ കഴിയും. എല്ലാ എഎപി പ്രവര്‍ത്തകരും ജയിലില്‍ പോകാന്‍ തയാറായിരിക്കുകയാണ്. ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം. പേടിയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്നു. അല്ലാത്തവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നു- യൂട്യൂബില്‍ പുറത്തുവിട്ട വീഡിയോയില്‍ കേജരിവാള്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഇഷ്ടക്കാര്‍ക്കായി അദ്ദേഹം നിയമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് കേജരിവാള്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ആംആദ്മി പാര്‍ട്ടി എംഎല്‍എ ഖര്‍തര്‍ സിംഗ് തന്‍വാറിന്റെ വസതിയില്‍ റെയ്ഡ് നടന്നതിന്റെ പശ്ചാത്തലത്തിലാണ് കേജരിവാളിന്റെ പ്രസ്താവന. ആദായ നികുതി വകുപ്പുദ്യോഗസ്ഥരാണ് തന്‍വാറിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. ഡല്‍ഹിയിലെ ചത്തര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഖര്‍തര്‍ സിംഗ്.

രാജ്യതലസ്ഥാനത്ത് അധികാരത്തിലേറിയതു മുതല്‍ ഇതുവരെ ഒരു ഡസനിലേറെ ആപ് എംഎല്‍മാര്‍ക്കാണ് വിവിധ കേസുകളില്‍ കുടുങ്ങുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ അന്വേഷണം നേരിടേണ്ടി വരികയോ ചെയ്തത്.

Related posts