ശ്രീകണ്ഠപുരം: രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നം ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്റില്‍ ഹാജരാകാനുള്ള ജനാധിപത്യ മര്യാദ പോലും കാണിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപത്യത്തിന്റെ പാതയിലേക്കാണ് നീങ്ങുന്നതെന്നു കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി. ജനങ്ങളെ മാത്രമല്ല പാര്‍ലമെന്റിനേയും നരേന്ദ്രമോദി അപമാനിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെയോ പ്രധാമന്ത്രിയുടെയോ വാക്കിന് പഴയ ചാക്കിന്റെ വിലപോലും ഇല്ലെന്നു കെ.സി. ജോസഫ് ആരോപിച്ചു.
യുഡിഎഫ് ഇരിക്കൂര്‍ നിയോജക മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ.സി. ജോസഫ്. നോട്ട് ഹാജരാക്കുന്നയാളിന് കറന്‍സിക്ക് ആ മൂല്യം നല്‍കാമെന്ന വാഗ്ദാനമാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. എന്നാലിപ്പോള്‍ അതിനു കടലാസിന്റെ വിലപോലും ഇല്ലാതായി. നോട്ട് റദ്ദാക്കി 11 ദിവസമായിട്ടും ആവശ്യമായ പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാതെ പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഇതിനെതിരേ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ട്പോകുമെന്നും കെ.സി. ജോസഫ് പറഞ്ഞു.