തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ഈണങ്ങള്‍ മനസില്‍ കൊരുത്ത് ഒരു മനുഷ്യന്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ആകാശവാണിയിലെത്തിയിട്ടുളളവര്‍ മറക്കാനിടയില്ലാത്ത കാഴ്ച. ആകാശവാണിയുടെ വരാന്തകളിലും ഇടനാഴികളിലും മൂന്നുപതിറ്റാണ്ടിലേറെ “അഷ്ടപദിലയം തുളളിത്തുളുമ്പുന്ന’ മനസുമായി ജീവിച്ച്… ലളിതസംഗീതത്തിന്റെ മാണിക്യവീണ നമുക്കു സമ്മാനിച്ച എം.ജി.രാധാകൃഷ്ണന്. ശുദ്ധസംഗീതത്തിന്റെ ആ “സൂര്യകീരീടം’ നമ്മുടെ നഷ്ടനൊമ്പരങ്ങളില്‍ വിങ്ങലായി നിറഞ്ഞിട്ട് ആറു വര്‍ഷം കടന്നിരിക്കുന്നു.
1940 ഓഗസ്റ്റ് എട്ടിനു കര്‍ക്കിടകത്തിലെ കാര്ത്തികനാളില് ഹരിപ്പാട്ട് പിലാപ്പുഴ മേടയില്‍ എം.ജി.രാധാകൃഷ്ണന് ജനിച്ചു. അച്ഛന് സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന് നായര്‍. അമ്മ അധ്യാപികയും ഹരികഥാനിപുണയുമായിരുന്ന കമലാക്ഷിയമ്മ. ഹരിപ്പാട് ബോയ്സ് ഹൈസ്കൂളില്‍ പത്താംതരവും തുടര്‍ന്ന് ആലപ്പുഴ എസ്ഡി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നു ഗാനഭൂഷണം. യേശുദാസ്, തിരുവിഴ ജയശങ്കര്‍, നെയ്യാറ്റിന്‍കര വാസുദേവന്‍ തുടങ്ങിയവര്‍ സഹപാഠികള്‍. 1962 ല്‍ ആകാശവാണിയില്‍ മ്യൂസിക് കംപോസറായി ജോലിയില്‍ പ്രവേശിച്ചു.
ആകാശവാണിയുടെ സുവര്ണനാളുകളിലാണ് എം.ജി.രാധാകൃഷ്ണന് അവിടെയെത്തുന്നത്്. എസ്. രാമന്‍കുട്ടിനായര്‍, കെ.ജി.സേതുനാഥ്, കെ.പദ്മനാഭന് നായര്‍, ടി.എന്‍.പദ്മരാജന്, കെ.പി.ഉദയഭാനു, തിരുവിഴ ജയശങ്കര്‍, പറവൂര്‍ രാധാമണി, പറവൂര്‍ ശാരദാമണി, എസ്.സരസ്വതിയമ്മ, കെ.ജി.ദേവകിയമ്മ, ടി.പി. രാധാമണി, ജോണ്‍ സാമുവല്‍ തുടങ്ങിയ പ്രതിഭാധനര്‍ ശബ്ദതാരങ്ങളായി പ്രശോഭിക്കുന്ന കാലം. നെയ്യാറ്റിന്‍കര വാസുദേവന്‍, എസ്. രത്നാകരന്, മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍, എസ്.ആര്.രാജു, എസ്.എ.സ്വാമി തുടങ്ങിയ നിലയവിദ്വാന്മാരുടെ സാന്നിധ്യം.
ലളിതസംഗീതവിഭാഗത്തിലാണ് എം.ജി.രാധാകൃഷ്ണന്റെ തുടക്കം. രാവിലെ 7.40 നു പ്രക്ഷേപണം ചെയ്തിരുന്ന ലളിതസംഗീതപാഠം രാധാകൃഷ്ണന്റെ വരവോടെ ഏറെ ജനപ്രിയമായി. ലളിതഗാനങ്ങള്‍ സംഗീതം നല്കി പഠിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടി. കാവാലമെഴുതി എംജിആര്‍ ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഘനശ്യാമസന്ധ്യാഹൃദയം നിറയെ മുഴങ്ങീ മഴവില്ലിന് മാണിക്യവീണ…, ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയില്‍.. എന്നിവ യുവജനോത്സവവേദികളില്‍ നിറഞ്ഞൊഴുകി. ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേയുറക്കമായോ…, ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ ശാകുന്തളം വായിച്ചിരുന്നു…, അഷ്ടപദിലയം തുളളിത്തുളുമ്പും അമ്പലപ്പുഴയിലെ നാലമ്പലത്തില്‍…, പി.ഭാസ്ക്കരന്റെ രചനയില്‍ മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി അപ്പോള്‍ മധുമാസചന്ദ്രന്‍ വന്നു മടങ്ങിപ്പോയി…തുടങ്ങിയ ലളിതഗാനങ്ങള്‍ സിനിമാഗാനങ്ങളെ വെല്ലുന്ന ജനപിന്തുണ നേടി. ഭാര്യ പദ്മജയെഴുതിയ ഒരു മാത്ര ഞാനൊന്നു കണേ്ടയുളളു…. എന്ന ഗാനം എംജിയുടെ സംഗീതസംവിധാനത്തില്‍ ആകാശവാണി പ്രക്ഷേപണം ചെയ്തു.
ഗായകനായാണ് എം.ജി. രാധാകൃഷ്ണന് സിനിമയിലെത്തിയത്. 1969 ല്‍ പുറത്തിറങ്ങിയ കളളിച്ചെല്ലമ്മയില്‍ കെ. രാഘവന് മാസ്റ്റര്‍ ഈണം നല്കിയ ഉണ്ണിഗണപതിയേ… ആദ്യഗാനം. തുടര്‍ന്നു ശരശയ്യയിലെ ഉത്തിഷ്ഠത ജാഗ്രത…, ശാരികേ..ശാരികേ…, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പല്ലനയാറ്റിന് തീരത്ത്്്… എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഗീത സംവിധായകന് എന്ന നിലയില്‍ എംജിആര്‍ അറിയപ്പെട്ടത് അരവിന്ദന്റെ തമ്പിലൂടെയാണ്. ഇതിലെ കാനകപ്പെണ്ണ് ചെമ്പരത്തി എന്ന ഗാനത്തിനു നല്കിയ ഈണം ശ്രദ്ധേയമായി. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ ഓ മൃദുലേ.. ഹൃദയമുരളിയിലൊഴുകി വാ…, ജാലകത്തിലെ ഒരു ദലം മാത്രം…, ചാമരത്തിലെ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…, അദൈ്വതത്തിലെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ…, ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു…, മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്തു പാര്‍ത്തായോ .., മിഥുനത്തിലെ ഞാറ്റുവേലക്കിളിയേ ഒരു പാട്ടുപാടി വരുമോ…, അനന്തഭദ്രത്തിലെ ശിവമല്ലിക്കാവില്‍.., ദേവാസുരത്തിലെ ശ്രീപാദം…, രാക്കുയിലിന്‍ രാഗസദസിലെ ഏത്ര പൂക്കാലമിനി…, പ്രജയിലെ ചന്ദനമണിസന്ധ്യകളുടെ നടയില്‍.. , മണിച്ചിത്രത്താഴിലെ പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ടും…, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഹരിചന്ദനമലരിലെ മധുവായ്…, ഞാന്‍ ഏകനാണിലെ പ്രണയവസന്തം തളിരണിയുമ്പോള്‍… തുടങ്ങിയ ഗാനങ്ങളില്‍ എം.ജി.രാധാകൃഷ്ണനിലെ പ്രതിഭയുടെ കൈയൊപ്പു പതിഞ്ഞിരിക്കുന്നു. 1980 ല്‍ പുറത്തിറങ്ങിയ ഭരതന്റെ തകരയില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ച്് എംജിആര്‍ ഈണം നല്കി എസ്. ജാനകി പാടിയ മൗനമേ…നിറയും മൗനമേ എന്ന ഗാനം നിരൂപകപ്രശംസ നേടി. തുടര്‍ന്നു സാജന്റെ ഗീതം, വേണു നാഗവളളിയുടെ സര്‍വകലാശാല, പദ്മരാജന്റെ നൊമ്പരത്തിപ്പൂവ്, പ്രിയദര്‍ശന്റെ അദൈ്വതം, ഫാസിലിന്റെ മണിച്ചിത്രത്താഴ്, ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം, രാജീവ് അഞ്ചലിന്റെ കാശ്മീരം, വേണുനാഗവളളിയുടെ അഗ്നിദേവന്, രക്തസാക്ഷികള്‍ സിന്ദാബാദ്, ടി.കെ.രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട്്, ഷാജി കൈലാസിന്റെ നരസിംഹം, ജോഷിയുടെ പ്രജ തുടങ്ങിയ ചിത്രങ്ങളിലും നിരവധി ജനപ്രിയഗാനങ്ങള്‍ എംജിയുടെ സംഗീതസംവിധാനത്തില്‍ വിടര്‍ന്നു.
എം.ജി. രാധാകൃഷ്്ണന് കണെ്ടത്തിയ സ്വരവിശുദ്ധിയാണു ചിത്ര. ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട് ആകാശവാണി അവതരിപ്പിച്ച സംഗീതശില്പത്തില് കൊച്ചുകൃഷ്ണനു വേണ്ടി എം.ജി. രാധാകൃഷ്ണന് ചിത്രയെക്കൊണ്ടു പാടിച്ചു. ചിത്രയ്ക്ക് അഞ്ചു വയസുളളപ്പോഴായിരുന്നു അത്. തുടര്‍ന്ന് എംജിആര്‍ ഈണമിട്ട നിരവധി ലളിതഗാനങ്ങള്‍ ചിത്രയുടെ കുയില്‍നാദത്തില്‍ ശ്രോതാക്കളിലെത്തി. എം.ജി. രാധാകൃഷ്ണന് സംഗീതസംവിധാനം നിര്‍വഹിച്ച അട്ടഹാസത്തിലെ ചെല്ലം ചെല്ലം.. എന്ന ഗാനമാണ് ചിത്ര ആദ്യമായി പാടിയ സിനിമാഗാനം. എന്നാല്‍ പുറത്തിറങ്ങിയതു ഞാന്‍ ഏകനാണ് എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ തന്നെ സംഗീത സംവിധാനത്തില്‍ പാടിയ രജനീ നീ പറയൂ പൂനിലാവിന് പരിലാളനങ്ങള്‍…എന്ന ഗാനവും. പിന്നീട് എംജിആര്‍ ഈണമിട്ട പഴംതമിഴ് പാട്ടിഴയും…, കാറ്റേ നീ വീശരുതിപ്പോള്‍… തുടങ്ങിയ ഗാനങ്ങളിലും ചിത്രയുടെ സ്വരമാധുരി നിറഞ്ഞുനിന്നു.
സംഗീത സംവിധാനത്തോടൊപ്പം വോക്കലിലും എം.ജി. രാധാകൃഷ്ണന് ശ്രദ്ധേയനായി. നെയ്യാറ്റിന്‍കര വാസുദേവനൊപ്പം നിരവധി വേദികളില്‍ കച്ചേരി അവതരിപ്പിച്ചു. ചിത്രാഞ്ജലിയില്‍ റീ റിക്കാര്‍ഡിംഗ് പൂര്‍ത്തിയാക്കിയ ആദ്യചിത്രമായ ശേഷക്രിയയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. 2001 ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമയിലെ സംഗീതത്തിനും 2005 ല്‍ അനന്തഭദ്രത്തിലെ സംഗീതത്തിനും സംസ്ഥാനപുരസ്കാരം ലഭിച്ചു.
ലളിതഗാനപാഠത്തിലൂടെ സാധാരണമലയാളിക്കു ഭാവസുന്ദരഗാനങ്ങള്‍ പരിചയപ്പെടുത്തി. കര്‍ണാടസംഗീതത്തില്‍ ആധികാരികജ്ഞാനം നേടിയപ്പൊഴും നാടന്‍സംഗീതത്തിന്റെ താളം മറന്നില്ല. കവിതയ്ക്കു ചേരുന്ന സംഗീതം ചാര്‍ത്തി. മലയാളത്തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഗാനങ്ങളെ ജനപ്രിയമാക്കി. സോപാനസംഗീതവും നാടന്‍ വായ്ത്താരികളും ശാസ്ത്രീയസംഗീതവും ഗാനങ്ങളില്‍ ചേരുംപടി ചേര്‍ത്തു. ശുദ്ധസംഗീതത്തിന്റെ തനിമ ചോരാതെ ഭാവാര്‍ദ്രഗാനങ്ങളൊരുക്കി. ന
സംഗീതത്തെ കച്ചവടത്തിന്റെ കണ്ണുകളില്‍ക്കൂടി കാണാതിരിക്കാന്‍ എം.ജി. രാധാകൃഷ്ണന് ശ്രദ്ധിച്ചു. എന്നാല്‍ പ്രതിഭയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല എന്നതാണു വേദനിപ്പിക്കുന്ന സത്യം. പക്ഷേ, അദ്ദേഹം സമ്മാനിച്ച നിത്യഹരിതഗാനങ്ങള്‍ മലയാളിയുടെ ഓര്മ്മച്ചില്ലകളില് നിലാപ്പൂക്കളുടെ സൗരഭ്യമായ് നിറഞ്ഞു പാടുന്നു.
ടി.ജി. ബൈജുനാഥ്