ചിറ്റാര്‍: ചിറ്റാറില്‍ യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.രാജു. ചിറ്റാര്‍ കുളത്തുങ്കല്‍ സജി-ബിന്ദു ദമ്പതികളുടെ മകള്‍ പ്രിയങ്കയുടെ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി റീത്ത് സമര്‍പ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബത്തിന് ആശ്വാസ സഹായം നല്‍കുന്നത് ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കും. കാര്‍ണിവല്‍ നടത്താന്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് കൃത്യവിലോപമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കാര്‍ണിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരെയും അറസ്റ്റു ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബത്തെ പരമാവധി ആശ്വസിപ്പിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ദാരുണമായ സംഭവത്തില്‍ അനുശോചിക്കുന്നതായി മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ബിജെപി
ചിറ്റാര്‍: യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍പെട്ട് രണ്ടു കുട്ടികള്‍ മരിച്ചതിന്റെ ഉത്തരവാദിത്വ് ഏറ്റെടുത്ത് രാജിവയ്ക്കാന്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ആവശ്യപ്പെട്ടു. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പടിക്കല്‍ ബിജെപി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തേ തുടര്‍ന്ന് കുട്ടികളുടെ കുടുംബത്തെ സഹായിക്കാനും ചികിത്സാച്ചെലവുകള്‍ വഹിക്കാനും സര്‍ക്കാരോ ഗ്രാമപഞ്ചായത്ത ഭരണസംവിധാനങ്ങളോ തയാറാകാത്തത് സംഭവത്തെ ലഘൂകരിക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗണാണെന്ന് ബിജെപി കുറ്റപ്പെടുത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജി. മനോജ്, പി.വി. ബോസ്, ബിന്ദു പ്രസാദ്, ജോജി പ്രസന്നകുമാര്‍, അനിത അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.
അനാസ്ഥ പ്രകടമെന്ന് ഉമ്മന്‍ ചാണ്ടി
ചിറ്റാര്‍: മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ യന്ത്ര ഊഞ്ഞാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിലൂടെ അനാസ്ഥ പ്രകടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രിയങ്കയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇത്തരം പരിപാടികള്‍ നടത്താനാകില്ല. അപകടമുണ്ടായതിനുശേഷം കൈമലര്‍ത്തിയിട്ടു കാര്യമില്ല.
അപകടത്തിനുശേഷവും സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണുണ്ടായത്. മരിച്ച കുട്ടികളുടെ കുടുംബത്തെ സഹായിക്കാനോ ചികിത്സയ്ക്കാവശ്യമായ സഹായം ചെയ്യാനോ കഴിഞ്ഞിട്ടില്ല. മാനസികമായി തളര്‍ന്നപ്പോഴും മകള്‍ പ്രിയങ്കയുടെ അവയവങ്ങള്‍ ദാനം ചെയ്ത കുളത്തുങ്കല്‍ സജിയും ഭാര്യ ബിന്ദുവും കാട്ടിയ ആത്മധൈര്യം സമൂഹത്തിനു മാതൃകയാണെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
ആദരാഞ്ജലി അര്‍പ്പിച്ച് സാബുവിന്റെ കുടുംബാംഗങ്ങളും
ചിറ്റാര്‍: യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ മരിച്ച പ്രിയങ്കയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തൊടുപുഴ സ്വദേശി സാബുവിന്റെ സഹോദരന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി. പ്രിയങ്കയുടെ കരള്‍ സ്വീകരിച്ചത് സാബുവാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കരള്‍രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ സാബുവിനുവേണ്ടി നാട്ടില്‍ സഹായസമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുമ്പോഴാണ് കരള്‍ ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതസഞ്ജീവനി മുഖേന രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ അയവദാനത്തിന് പ്രിയങ്കയുടെ മാതാപിതാക്കള്‍ തയാറായപ്പോള്‍ വിവരം പുഷ്പഗിരി ആശുപത്രി മുഖേന ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് കിംസ് ആശുപത്രിയില്‍ നിന്ന് വിദഗ്ധസംഘമെത്തി അവയവങ്ങള്‍ ഏറ്റെടുത്തത്. കരള്‍ ശനിയാഴ്ച രാത്രിതന്നെ സാബുവിന്റെ ശരീരത്തില്‍ ചേര്‍ക്കുകയുണ്ടായി. പെയിന്റിംഗ് ജോലിക്കാരനായിരുന്ന സാബു നിര്‍ധന കുടുംബാംഗമാണ്. തങ്ങള്‍ക്കു സഹായകരമായി നിന്ന സജിയുടെയും ബിന്ദുവിന്റെയും സന്മനസിനെ ആദരിക്കാനും ദുഃഖത്തില്‍ ആശ്വാസം പകരാനുമാണ് സാബുവിന്റെ സഹോദരനും സംഘവുമെത്തിയത്.