കോട്ടയം:ടാറിംഗിന് ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികളും മെറ്റലും റോഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഏറെ തിരക്കുള്ള കുമരകം റോഡില്‍ ചാലുകുന്ന് ജംഗ്ഷനിലാണ് വഴി മുടക്കി യന്ത്രവും സാധന സാമഗ്രികളും കിടക്കുന്നത്. ടാറിംഗ് യന്ത്രസാമഗ്രികള്‍ കാണുമ്പോള്‍ യാതക്കാര്‍ കരുതിയത് ഉടനെ ടാറിംഗ് നടക്കുമെന്നാണ്. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും റോഡ് ടാറിംഗ് പൂര്‍ത്തിയായിട്ടുമില്ല ഉപകരണങ്ങള്‍ മാറ്റിയിട്ടുമില്ല.
കോട്ടയം-കുമരകം റോഡ് ഇന്നു ഏറെ തിരക്കുള്ളതാണ്. ചാലുകുന്നില്‍ ഗതാഗതക്കുരുക്ക് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ചാലുകുന്ന് ജംഗ്ഷനില്‍ ട്രാഫിക് പോലീസ് ഡിവൈഡര്‍ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചിട്ടു പോലും കുരുക്ക് അഴിക്കാനാകുന്നില്ല. ഇതിനിടയിലാണ് ടാറിംഗ് വസ്തുക്കളും യന്ത്രസാമഗ്രികളും റോഡില്‍ കിടക്കുന്നത്. നിലവില്‍ കുമരകം, മെഡിക്കല്‍ കോളജ്, പരിപ്പ് ഭാഗങ്ങളിലേക്കു പോകുന്ന ബസുകള്‍ നിര്‍ത്തുന്നത് ചാലുകുന്ന് ജംഗ്ഷനിലാണ്.
ഇതുമൂലം പലപ്പോഴും വാഹനക്കുരുക്ക് ഉണ്ടാകുന്നു. മൂന്നു വശത്തു നിന്നുള്ള വാഹനങ്ങള്‍ ഒരുമിക്കുമ്പോഴുണ്ടാകുന്ന കുരുക്കഴിക്കാന്‍ ട്രാഫിക് പോലീസിനു പോലും കഴിയുന്നില്ല. റോഡില്‍ കിടക്കുന്ന മെറ്റലും ടാറിംഗ് യന്ത്രവും മാറ്റിയാല്‍ അവിടെ ബസുകള്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യാം. ജംഗ്ഷനിലുണ്ടാകുന്ന അത്രയും തിരക്ക് ഉണ്ടാവുകയുമില്ല. ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തില്‍ അടിയന്ത്രര നടപടി സ്വീകരിക്കുകയാണെങ്കില്‍ ചാലുകുന്ന് ജംഗ്ഷനില്‍ ഇപ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.