മെറിന്‍ സ്വീറ്റിന്‍ ആള്‍ ചില്ലറക്കാരനല്ല! പ്ലസ്ടുവിന് പഠിക്കുമ്പോള്‍ 100 രൂപയ്ക്കു വേണ്ടി പിതാവിനെ കുത്തിക്കൊന്നവന്‍; ബന്ധുവിനെ കബളിപ്പിച്ച് അടിച്ചുമാറ്റിയത് ഏക്കറുകള്‍

merinപേരൂര്‍ക്കട: സിറ്റി ഷാഡോ ടീം കളിയിക്കാവിളയിലെ ഒളിസങ്കേതത്തില്‍നിന്നു പിടികൂടിയ പാറശ്ശാല ചെറുവാരക്കോണത്ത് മേലതില്‍ വീട്ടില്‍ അജി, ബിജു എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെറിന്‍ സ്വീറ്റിന്‍ (40) ചില്ലറക്കാരനല്ല. പാങ്ങോട് ബാങ്ക് കുത്തിത്തുറന്ന് 300 പവനും 1.25 ലക്ഷം രൂപയും കവര്‍ന്നതു കൂടാതെ പത്തനംതിട്ട മല്ലപ്പള്ളി കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തി 4 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണ താഴികക്കുടവും അടിച്ചുമാറ്റി ഒളിവില്‍പ്പോയി. ഇയാളുടെ സഹായികളായ 4 പേര്‍ ഉടന്‍ പിടിയിലായെങ്കിലും മെറിനെ പിടികൂടാന്‍ പോലീസിന് 4 വര്‍ഷം അധ്വാനിക്കേണ്ടതായി വന്നു.

തമിഴ്‌നാട്ടില്‍പോയി സ്ഥലം വാങ്ങി തുളസികൃഷിയുമായി കഴിഞ്ഞുകൂടി നല്ലനടപ്പുതുടങ്ങിയതാണ് പ്രദേശവാസികള്‍ക്കു സംശയമില്ലാതിരിക്കാന്‍ കാരണവും പോലീസിന് ഇയാളെ പിടികൂടാന്‍ കഴിയാത്തതിന്റെ കാരണവും. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് സ്വകാര്യാവശ്യത്തിന് 100 രൂപ ചോദിച്ച് നല്‍കാത്ത പിതാവിനെ ഇയാള്‍ കുത്തിക്കൊന്നത്. നാട്ടുകാരുടെ മുന്നില്‍വച്ചായിരുന്നു ഈ കൊലപാതകം. അതോടെ കൈയറപ്പുമാറിയ മെറിന്‍ നിരവധി കൊലപാതകശ്രമങ്ങള്‍ നടത്തുകയും പിടിച്ചുപറിയും മറ്റും തൊഴിലാക്കുകയും ചെയ്തു. ബാങ്ക് കവര്‍ച്ചയ്ക്കുശേഷം തൂത്തുക്കുടി പൂത്തൂരില്‍ എത്തി മാതൃസഹോദരനൊപ്പം കൂടി.

എന്നാല്‍ പിന്നീട് ഈ ബന്ധം തെറ്റുകയും മാതൃകഹോദരനെക്കൊണ്ട് തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍ ഭീഷണിപ്പെടുത്തി എഴുതിവാങ്ങിക്കുകയും ചെയ്തതായി ഷാഡോ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഏക്കറുകളാണ് ഇയാള്‍ക്ക് ഇങ്ങനെ ലഭിച്ചത്. ഈ ഭൂമി പാട്ടത്തിനുനല്‍കിയും ലക്ഷങ്ങള്‍ ഇയാള്‍ കൈക്കലാക്കി. മികച്ച കമ്പ്യൂട്ടര്‍ വിദഗ്ധനായിരുന്നു മെറിന്‍ സ്വീറ്റിന്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന രീതിലും പ്രധാന സോഫ്റ്റ് വെയറുകളുടെ ഉപയോഗവും ഇയാള്‍ക്കു നല്ല വശമായിരുന്നു.

ദൈവങ്ങളോടു പ്രത്യേക ഭയഭക്തിവിശ്വാസമുണ്ടായിരുന്ന ഇയാള്‍ മോഷണങ്ങള്‍ക്കു പുറപ്പെടുന്നതിനു മുമ്പ് പൂജ നടത്തിയിരുന്നു. എന്നാല്‍ അതേ ക്ഷേത്രങ്ങളില്‍ത്തന്നെ കയറി മോഷണവും നടത്തിവന്നു. പിതാവിനെക്കൊന്ന് ജുവനൈല്‍ ഹോമിലായപ്പോള്‍ ലഭിച്ച കൂട്ടുകെട്ട് ഇയാള്‍ വിപുലപ്പെടുത്തി. അങ്ങനെ ഒരു വലിയ മോഷ്ടാവ് എന്ന കുപ്രസിദ്ധ നേടുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ തുളസികൃഷി ആരംഭിച്ചത് പോലീസ് പിടിക്കാതിരിക്കാനായിരുന്നു. ഉയര്‍ന്ന ജോലിയില്‍ വിരാജിച്ചിരുന്ന മാതാപിതാക്കള്‍ക്ക് മകന്‍ വരുത്തിവച്ച കുപ്രസിദ്ധി ചില്ലറയായിരുന്നില്ല. പോലീസ് പിടിയിലാകുമ്പോഴും പ്രതിക്ക് യാതൊരു ഭാവഭേദവുമില്ലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനാണു സാദ്ധ്യത.

Related posts