കണ്ണൂര്‍: യുഡിഎഫ് ക്യാമ്പില്‍ ആവേശമുയര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം തുടങ്ങി. ഇന്നു രാവിലെ എട്ടോടെ മംഗലാപുരം എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് സ്ഥാനാര്‍ഥികളായ സതീശന്‍ പാച്ചേനി, കെ.എം. ഷാജി, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കെ.പി. നൂറുദ്ദീന്‍, എഡി മുസ്തഫ, സോണി സെബാസ്റ്റിയന്‍, എം.പി. മുരളി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മന്ത്രി കെ.സി. ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥാനാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊടിക്കുണ്ടിലെ സ്‌ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
പയ്യന്നൂര്‍ ഗാന്ധി മൈതാനിയിലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് യോഗം. ആവേശകരമായ വരവേല്‍പാണ് മുഖ്യമന്ത്രിക്ക് പയ്യന്നൂരില്‍ ലഭിച്ചത്. പിലാത്തറയിലെ പൊതുയോഗത്തിനുശേഷം ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രി കണ്ണൂരിലെത്തി പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയം, മൂന്നിനു പുതിയതെരു ജംഗ്ഷന്‍, വൈകുന്നേരം നാലിനു മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയം, അഞ്ചിന് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡ്, ആറിനു കൂത്തുപറമ്പ് മാറോളിഘട്ട്, രാത്രി ഏഴിനു മമ്പറം ടൗണ്‍, എട്ടിനു തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. വിവിധ യോഗങ്ങളില്‍ യുഡിഎഫ് നേതാക്കളായ കെ.പി.എ.മജീദ്, ജോസ്.കെ.മാണി, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.പി.മോഹനന്‍ തുടങ്ങിയ നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.