യുഡിഎഫില്‍ മ്ലാനത, എല്‍ഡിഎഫില്‍ കാത്തിരിപ്പ്, ബിജെപിയില്‍ വടംവലി ,പ്രചാരണം ട്രാക്കിലാകാതെ കളമശേരി

ekm-electioinകളമശേരി: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്ന കളമശേരി നിയമസഭാ മണ്ഡലത്തില്‍ പ്രധാന കക്ഷിയായ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും തിരിച്ചെത്തിയതാണ് യുഡിഎഫ് ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നത്.  ജില്ലയിലെ ആദ്യ സ്ഥാനാര്‍ഥിയെന്ന നേട്ടം ലഭിച്ചിട്ടും പ്രചാരണം ട്രാക്കിലേക്കാന്‍ യുഡിഎഫിന് കഴിയുന്നില്ല. “ഐ’ ഗ്രൂപ്പില്‍ പെട്ട കോണ്‍ഗ്രസ് നേതാവിനെ കെപിസിസി പുറത്താക്കിയതോടെ തിരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ നിസ്സഹരണം ആരംഭിച്ചിരിക്കുകയാണ്. ഇതു കൂടാതെ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യുവജന യോഗവും അടിച്ചു പിരിഞ്ഞു.

നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കടപ്പള്ളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമാംഗത്വത്തില്‍ നിന്നും  കെപിസിസി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൗണ്‍സില്‍ യോഗത്തിലെ മോശമായ പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി. മുന്‍ നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടനും  നിലവിലെ ചെയര്‍പേഴ്‌സന്‍ ജെസി പീറ്ററും തമ്മില്‍ തുറന്ന പോരിന് ഈ സംഭവം വഴിവച്ചിരിക്കുകയാണ്.

നേതാക്കന്‍മാര്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതാണ് ഐ ഗ്രൂപ്പിനെ പ്രകോപിച്ചത്. ഇന്നലെ നടന്ന യുവജന കണ്‍വന്‍ഷന്‍ ബഹളം കാരണം നിര്‍ത്തി വച്ചു. തുടര്‍ നടപടികള്‍ യു ഡി എഫ് നേതൃത്വവുമായി ആലോചിച്ച് ചെയ്യാനാണ് മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാത്തതിനാലും പ്രചാരണം ആരംഭിക്കാത്തതിനാലും  പ്രശ്‌ന പരിഹാരത്തിന് സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്‍െറ പ്രതീക്ഷ.

അതേ സമയം സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടു പോകുന്നതില്‍ കളമശേരിയിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നിരാശയിലാണ്. സ്ഥാനാര്‍ഥി പട്ടികയില്‍  ഇടം നേടുന്നവര്‍ക്കെതിരെ ഊമകത്തുകള്‍ എത്തുന്നതാണ് സിപി എം  നേതൃത്വത്തെ അന്തിമ തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥി വേണമോ സ്വതന്ത്രന്‍ വേണമോയെന്ന ആശയക്കുഴപ്പത്തിലാണ് സിപിഎം.  ന്യൂനപക്ഷ വോട്ട് ബാങ്കിനേയും ലക്ഷ്യമിട്ടായിരിക്കും സ്ഥാനാര്‍ഥിയെ രംഗത്തിറക്കുക.

മുന്‍ രാജ്യസഭാ എംപിയായ കെ. ചന്ദ്രന്‍ പിള്ള, മുന്‍ ആലുവ എംഎല്‍എ യായ എ.എം. യൂസഫ്, കളമശേരി ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്‍ എന്നിവരെയാണ് ജില്ലാ നേതൃത്വം ആദ്യം പരിഗണിച്ചത്.  ഭരണ പക്ഷത്തെ പ്രമുഖരുമായി ഇവരില്‍ ചിലര്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി  സംസ്ഥാന നേതൃത്വത്തിന് കളമശേരിയില്‍ നിന്നു  കത്തുകള്‍ പോയത് ഇവരുടെ സാധ്യത ഇല്ലാതാക്കിയെന്നും അഭിപ്രായമുണ്ട്. കളമശേരി നഗരസഭ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം  മറ്റൊരുദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയ അഡ്വ.യേശുദാസ് പറപ്പിള്ളി എല്‍ ഡിഎഫ് പട്ടികയില്‍ പുതിയതായി ഇടം പിടിച്ചിട്ടുണ്ട്. യേശുദാസ് മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറാണ്. ജില്ലാ പഞ്ചായത്തിലെ  കടുങ്ങല്ലൂര്‍ ഡിവിഷന്‍ പ്രതിനിധി ആയിരുന്നു.സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് ബിജെപിയിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ബി ജെപിയും  സഖ്യകക്ഷിയായ ബി ഡിജെഎസും തമ്മില്‍ കളമശേരി സീറ്റിനായി തര്‍ക്കം തുടരുകയാണ്. ഒരു വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് എസ്എന്‍ ഡിപി നേതൃത്വം ആഗ്രഹിക്കുന്നത്.

കളമശേരി നിയമസഭാ മണ്ഡലം  ലഭിച്ചില്ലെങ്കില്‍ പറവൂര്‍ കിട്ടണമെന്നാണ് ആവശ്യം. ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തതിനാല്‍ സ്ഥാനാര്‍ഥി ആരാകണമെന്ന പട്ടിക സ്വന്തമായി തയാറാക്കാനും ബിജെപിക്ക് കഴിയുന്നില്ല.തൃണമൂല്‍ കോണ്‍ഗ്രസിന്റെ കളമശേരി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. ആലുവയില്‍ നടക്കുന്ന സ്ഥാനാര്‍ഥി സംഗമത്തിലാണ് 14 ജില്ലകളിലേയും  സ്ഥാനാര്‍ഥികളുടെ പേരുകള്‍ പുറത്ത് വിടുക.

Related posts