യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഉഷാര്‍

tvm-facebookസ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര: ചുമരെഴുതിയും പോസ്റ്റര്‍ പതിപ്പിച്ചും മാത്രമല്ല, നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും നെയ്യാറ്റിന്‍കരയിലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉഷാറായി കഴിഞ്ഞു. വളരട്ടെ നെയ്യാറ്റിന്‍കര, തുടരട്ടെ ശെല്‍വരാജ് എന്ന സന്ദേശവുമായാണ് ആര്‍. ശെല്‍വരാജ് എംഎല്‍എ യുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എ യാണ് ശെല്‍വരാജ്.

ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നുവെങ്കിലും പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുമരെഴുതാനും പോസ്റ്റര്‍ പതിപ്പിക്കാനുമുള്ള തിടുക്കത്തിലാണ്. കഴിഞ്ഞ ദിവസം ചിലയിടങ്ങളില്‍ ചുമരെഴുതി തുടങ്ങുകയും ചെയ്തു. പക്ഷെ, നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം നേരത്തെ തന്നെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ആരംഭിച്ചു. ശെല്‍വരാജ് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള വികസന പദ്ധതികളുടെ അടിസ്ഥാനത്തില്‍ വികസനത്തിന്റെ തുടര്‍ച്ചയ്ക്കാണ് വോട്ടു തേടുന്നത്.

പ്രചാരണത്തില്‍ യുഡിഎഫിനെക്കാള്‍ വളരെ മുന്നിലാണ് നിലവില്‍ എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയായി കെ. ആന്‍സലനെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അദ്ദേഹവും പ്രചാരണത്തില്‍ സജീവമായിരിക്കുകയാണ്. ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള നവമാധ്യമ പ്രചാരണവും കാര്യക്ഷമമായി നടക്കുന്നു. ഇരുമുന്നണി സ്ഥാനാര്‍ഥികള്‍ക്കും സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമുണ്ട്.

Related posts