ആലപ്പുഴ: ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആലപ്പുഴ നഗരസഭ ആലിശേരി വാര്‍ഡ് ചിറയില്‍വീട്ടില്‍ അനീമയുടെ മകള്‍ ആമിനയാണ് ഭര്‍തൃവസതിയില്‍ മരിച്ചത്. കഴിഞ്ഞ നാലിന് അര്‍ധരാത്രിയോടെ ആമിനയെ വലിയമരം വാര്‍ഡിലുള്ള ഭര്‍തൃഗൃഹത്തില്‍ തറയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
കട്ടിലിനോട് ചേര്‍ന്ന് തറയില്‍ ബോധരഹിതയായി കാണപ്പെട്ടുവെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആമിനയുടെ ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ കൊണ്ടുപോകുന്നതിനുള്ള ശ്രമം ഭര്‍തൃവീട്ടുകാര്‍ നടത്തിയെങ്കിലും ആമിനയുടെ സഹോദരന്റെ ഇടപെടലിനെ തുടര്‍ന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു.
മരണം സംബന്ധിച്ചു ഭര്‍ത്താവും ഭര്‍തൃപിതാവും നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി ആമിനയുടെ സഹോദരന് അനീഷ് പറഞ്ഞു. ഭര്‍തൃവീട്ടില്‍ തനിക്കു പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായി ബന്ധുക്കളോടു ആമിന നേരത്തെ പറഞ്ഞിരുന്നതായും ഇവര്‍ പറയുന്നു. സംഭവം സംബന്ധിച്ചു സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്കു പരാതി നല്‍കിയതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
സുധീര്‍ കോയ ചെയര്‍മാനും സബി വലിയകുളം ജനറല്‍ കണ്‍വീനറുമായി 101 അംഗ ആക്ഷന്‍ കൗണ്‍സിലാണ് രൂപീകരിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ ആമിനയുടെ മാതാവ് അനീമ, ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി എച്ച്. മുഹമ്മദാലി, സുധീര്‍ കോയ എന്നിവര്‍ പങ്കെടുത്തു.