യോഗേശ്വര്‍ ദത്തിന് രജതയോഗം

sp-yogeserന്യൂഡല്‍ഹി: യോഗേശ്വര്‍ ദത്തിന് റിയോയില്‍ മെഡലൊന്നും ലഭിച്ചില്ലെങ്കിലും ലണ്ടന്‍ ഒളിമ്പിക്‌സിലെ പ്രകടനം സമ്മാനിച്ച വെങ്കലത്തിന് വെള്ളിയുടെ മോടി. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് നേടിയ വെങ്കല മെഡല്‍ വെള്ളിയായി. പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു.

ഇതോടെ കുഡുഖോവിന്റെ വെങ്കല മെഡല്‍ തിരിച്ചെടുക്കാനും യോഗേശ്വറിനു വെള്ളി സമ്മാനിക്കാനും അന്താരാഷ്ട്ര ഒളിമ്പിക്് കമ്മിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അറിയിപ്പ് ലഭിച്ചതായി യോഗേശ്വര്‍ ട്വിറ്ററില്‍ കുറിച്ചു. മെഡല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും യോഗേശ്വര്‍ പറഞ്ഞു. റിയോയിലെ പരാജയത്തിന്റെ വേദന കുറയ്ക്കാന്‍ ഈ നേട്ടം ഉപകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ലണ്ടന്‍ ഒളിമ്പിക്‌സിനിടെ ശേഖരിച്ച സാമ്പിള്‍ റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതില്‍ കുഡുഖോവ് ഉള്‍പ്പെടെ അഞ്ചു ഗുസ്തി താരങ്ങള്‍ കുടുങ്ങുകയായിരുന്നു. നാലു തവണ ലോകചാമ്പ്യനും രണ്ടുതവണ ഒളിമ്പിക്‌സ് ജേതാവുമായിരുന്ന കുഡുഖോവ് 2013ല്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും ലോക റെസലിംഗ് ഫെഡറേഷന്റെയും ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടാകണം. റിയോയില്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പങ്കെടുത്ത യോഗേശ്വര്‍ പ്രാഥമിക റൗണ്ടില്‍ത്തന്നെ പുറത്താവുകയായിരുന്നു. ആറു മെഡലുകളായിരുന്നു ലണ്ടനില്‍ ഇന്ത്യ നേടിയത്. നാലു വെങ്കലവും രണ്ടു വെള്ളിയും. ഇതോടെ ലണ്ടനിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നു വെള്ളിയും മൂന്നു വെങ്കലവും എന്നായി.

തുണയായത് വാഡയുടെ കര്‍ശനനിലപാട്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കര്‍ശന നിലപാടുകളാണ് യോഗേശ്വറിന് മെഡല്‍ തിരികെ ലഭിക്കുന്നതിന് ഇടയാക്കിയത്. മെഡല്‍ നേടിയ താരങ്ങളുടെ സാമ്പിളുകള്‍ കാലങ്ങള്‍ കഴിഞ്ഞാലും പരിശോധനയ്ക്കു വിധേയമാക്കുന്ന രീതിയാണ് 2004 മുതല്‍ വാഡ ചെയ്തു പോരുന്നത്. ഇത്തരത്തില്‍ കുഡുഖോവിന്റെ ലണ്ടനിലെയും ബെയ്ജിംഗിലെയും സാമ്പിളുകള്‍ 2016ലും പരിശോധിച്ചു ഇതിന്റെ ഫലമാണ് ഇപ്പോള്‍ പോസിറ്റീവായിരിക്കുന്നത്. ഇത്തരത്തിലൊരു പദ്ധതിയേക്കുറിച്ച് തനിക്ക് അറിയുകപോലുമില്ലായിരുന്നെന്ന് യോഗേശ്വര്‍ പറഞ്ഞു. ഫലത്തില്‍ ഉത്തേജക പരിശോധനയിലുള്ള കര്‍ശന നിലപാടിലൂടെ നര്‍സിംഗ് യാദവിന് മത്സരിക്കാനാവാതെ വന്നെങ്കിലും യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത് മുറിവില്‍ തേച്ച മരുന്നുപോലെയായി. രാജ്യത്തെ കായികരംഗ്തതിനും യോഗേശ്വറിന്റെ നേട്ടം ഊര്‍ജമാണ്.

Related posts