കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാജേഷ് നമ്പ്യാരും കേരള കോണ്‍ഗ്രസ്-എം നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിനു നല്‍കിയ സീറ്റിലാണു രാജേഷ് നമ്പ്യാര്‍ മത്സരിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. പയ്യാമ്പലം ഗവ. ഗസ്റ്റ്ഹൗസില്‍ രാജേഷുമായി ഒറ്റയ്ക്കും പിന്നീടു കേരള കോണ്‍ഗ്രസ് നേതാക്കളായ ജോയിസ് പുത്തന്‍പുര, ജോയ് കൊന്നയ്ക്കല്‍, സജി കുറ്റിയാനിമറ്റം എന്നിവര്‍ക്കൊപ്പമിരുത്തിയും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
രാജേഷ് നമ്പ്യാരുമായി ബന്ധപ്പെട്ട ഒരു കേസിനെക്കുറിച്ചും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞതായാണു സൂചന. ചര്‍ച്ചയ്ക്കു ശേഷം പ്രചാരണവുമായി മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. തളിപ്പറമ്പ് മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷന്‍ ഇന്നുച്ചകഴിഞ്ഞ് 3.30ന് തളിപ്പറമ്പ് വ്യാപാര ഭവനില്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനംചെയ്യും. പിലാത്തറയില്‍ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത കല്യാശേരി മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ രാജേഷ് നമ്പ്യാരോടു പങ്കെടുക്കാന്‍ നേരത്തേ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിച്ചു.
കേരള കോണ്‍ഗ്രസ് നേതൃത്വം ഇതിനെതിരേ പ്രതിഷേധിച്ചതോടെ പിന്നീട് വീണ്ടും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. രാജേഷ് നമ്പ്യാരും കേരള കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, രാജേഷിന്റെ പേര് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞില്ല. അതിനിടെ, മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ രാജേഷ് ന മ്പ്യാരുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിനു കാത്തിരുന്നു കാണുകയെന്ന മറുപടിയാണു നല്‍കിയത്. ഇതോടെ രാജേഷ് നമ്പ്യാരുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചേക്കില്ലെന്ന പ്രചാരണമുണ്ടായി.
രാജേഷ് നമ്പ്യാരെയും കേരള കോണ്‍ഗ്രസ് നേതാക്കളെയും മുഖ്യമന്ത്രി വിളിപ്പിക്കുകകൂടി ചെയ്തതോടെ ആശയക്കുഴപ്പം വര്‍ധിച്ചു. പ്രചാരണവുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും മണ്ഡലം കണ്‍വന്‍ഷന്‍ നടത്താന്‍ നിശ്ചയിക്കുകയും ചെയ്തതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്. രാജേഷ് നമ്പ്യാരെ മുമ്പു കണ്ടിട്ടില്ലാത്തതുകൊണ്ടു പരിചയപ്പെടാനാണു മുഖ്യമന്ത്രി വിളിച്ചതെന്നായിരുന്നു പിന്നീടുണ്ടായ വിശദീകരണം. പിലാത്തറയിലെ യോഗത്തില്‍ രാജേഷ് ഉണെ്ടന്ന വിവരം സംഘാടകര്‍ മുഖ്യമന്ത്രിയെ അറിയിക്കാത്തതാണു പേരു പറയാത്തതിനു കാരണമെന്നും വിശദീകരണമുണ്ടായി.
തളിപ്പറമ്പില്‍ പ്രവാസി വ്യവസായിയായ രാജേഷ് ന മ്പ്യാരെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഡിസിസി നേതൃത്വത്തിന്റെ ഒത്താശയും ഇവര്‍ക്കുണെ്ടന്നാണ് അറിയുന്നത്.