വടകര: വടകരയില്‍ ഡോക്ടര്‍ രാത്രിയില്‍ രോഗിയെ പരിശോധിക്കാന്‍ എത്തിയാല്‍ യാത്രാക്കൂലി 500 രൂപ നല്‍കണം. താന്‍ ചികിത്സിക്കുന്ന രോഗിയാണെന്ന പരിഗണനയൊന്നും ഇക്കാര്യത്തിലില്ല. ആശുപത്രിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ പോലും അകലെയല്ലാത്ത വീട്ടില്‍ നിന്ന് എത്തുമ്പോഴാണ് പുതിയ രീതിയിലുള്ള ഫീസ് ഈടാക്കുന്നത്.രണ്ട് രോഗികളുണ്ടെങ്കില്‍ ഇരുവരും കൂടി തുക വീതിക്കണം. എങ്ങനെയായാലും അഞ്ഞൂറു രൂപ കിട്ടിയിരിക്കണമെന്നാണ് നിബന്ധന. ഇതിന്റെ പേരില്‍ രോഗിയുടെ കൂടെയുള്ളവരും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും തുടങ്ങി.
എട്ട് മാസം തികഞ്ഞ ഗര്‍ഭിണി കഴിഞ്ഞ ദിവസം രാത്രി വയറ്റില്‍ കുഞ്ഞിന് അനക്കമില്ലെന്ന കാരണത്താലാണ് ആശുപത്രിയിലെത്തിയത്. ഇവര്‍ ഗര്‍ഭധാരണത്തിന്റെ തുടക്കം മുതല്‍ ഈ ഡോക്ടറെയാണ് കാണിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ രാത്രിയില്‍ ആശുപത്രിയിലെത്തിയതിന് ശേഷം ഡോക്ടറെ വിവരമറിയിച്ചു. കുറച്ച് നിമിഷം കഴിഞ്ഞ് ഈ ഡോക്ടറുടെ തന്നെ മറ്റൊരു രോഗിയും ആശുപത്രിയിലെത്തി. ഡോക്ടര്‍ വന്നു പരിശോധിച്ച ശേഷം ആശുപത്രി ബില്‍ സെക്ഷനില്‍ നിന്നും ഡോക്ടറുടെ യാത്രാകൂലിക്കായി ബില്‍ നല്‍കിയപ്പോഴാണ് രോഗിയുടെ കൂടെ വന്നവര്‍ ഞെട്ടിയത്.
മാത്രമല്ല ആശുപത്രി അധികൃതര്‍ പറഞ്ഞത് അഞ്ഞൂറ് രൂപയാണ് യാത്രാക്കൂലിയായി വാങ്ങുന്നതെന്നും എന്നാല്‍ രണ്ട് രോഗികളെ നോക്കിയതിനാല്‍ ഇരുവരും വീതിച്ചാല്‍ മതിയെന്നുമാണ് അറിയിച്ചത്. ഇത്തരത്തില്‍ യാത്രാക്കൂലി വാങ്ങുന്ന സംഭവം ആദ്യമായാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഓരോ പ്രാവശ്യവും ഡോക്ടറെ സമീപിക്കുമ്പോഴും ഫീസിനത്തില്‍ പണം നല്‍കുന്നുണ്ട്. ഇതിന് പുറമെ രാത്രിയിലുള്ള യാത്രയ്ക്ക് ടാക്സിചാര്‍ജ് ഇനത്തില്‍ പണം ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ നടപടി മറ്റൊരു ചൂഷണമായാണ് വിശേഷിപ്പിക്കുന്നത്.