നൗഷാദ് മാങ്കാംകുഴി
ചാരുംമൂട് :സ്വന്തം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണമില്ലാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനെ തുടര്‍ന്ന് രണ്ടുപെണ്‍മക്ക ളുമായി അയല്‍വീടുകളില്‍ അന്തിയുറങ്ങി കഴിഞ്ഞ നിര്‍ധന കുടുംബത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. ചാരുംമൂട് ചുനക്കര പഞ്ചായത്ത് ആറാം വാര്‍ഡില്‍ ചെറുകര വടക്ക് തുളസിയാണ് രണ്ടു പെണ്‍മക്കളുമായി സ്വന്തം വീട് പണി പൂര്‍ത്തിയാക്കാന്‍ പണ മില്ലാതെ ദുരിതത്തിലായതിനെ തുടര്‍ന്ന് മാസങ്ങളായി അയല്‍പക്ക വീടുകളില്‍ അന്തിയുറങ്ങി കഴിഞ്ഞിരുന്നത്. ഇവരുടെ ജീവിതനൊമ്പരം കഴിഞ്ഞ ജൂലൈ 30ന് രാഷ്ട്രദീപികയില്‍ വാര്‍ത്തയായി നല്‍കിയിരുന്നു.
പ്രവാസികളും പ്രദേശവാസികളുമായ ആയിരക്കണക്കിനു പേര്‍ ഈ വാര്‍ത്ത നവമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ചുനക്കര പഞ്ചായത്ത് അംഗം ഫഹദ് ബഷീറിന്റെ നേതൃത്വത്തില്‍ ഫേസ്ബുക്ക് ഉള്‍െപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ അഭയം എന്ന തലക്കെട്ടില്‍ രാഷ്ട്രദീപികയുടെ വാര്‍ത്തയും ചേര്‍ത്ത് നല്‍കി സുമനസുകളുടെ സഹായം തേടി കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ഈ കൂട്ടായ്മയാണ് നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്തോടെ ഇപ്പോള്‍ നിലച്ചുപോയ തുളസിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ രംഗത്തു വന്നത്.
വീടില്ലാത്തിനെ തുടര്‍ന്ന് പത്തു വര്‍ഷം മുമ്പ് സര്‍ക്കാര്‍ സഹായംകൊണ്ട് മൂന്നുസെന്റ് പാടം വാങ്ങി നികത്തിയാണ് ഇവര്‍ വീടുനിര്‍മാണം ആരംഭിച്ചത.് പഞ്ചായത്ത് അമ്പതിനായിരം രൂപ ധനസഹായവും നല്‍കിയിരുന്നു. എന്നാല്‍ വീട് നിര്‍മാണം നടന്നു വരവേയാണ് തുളസിയുടെ ഭര്‍ത്താവ് നാരായണന് അര്‍ബുദരോഗം ബാധിച്ചത്. ഇതു ഈ നിര്‍ധന കുടുബത്തിന്റെ പ്രതീക്ഷകളെ തകര്‍ത്തു. വീടുപണി ഇതോടെ നിലച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് നാരായണന്‍ മരിച്ചു. ഇതോടെ കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും അസ്തമിച്ചു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഉള്ളതെല്ലാം ചെലവാക്കേണ്ടിയും വന്നു.
പത്തു വര്‍ഷം മുമ്പ് സഹായം ലഭിച്ചതിനാല്‍ പഞ്ചായത്തില്‍ നിന്നും ഇനി മറ്റൊരു ഭവന നിര്‍മാണ സഹായം ലഭിക്കാന്‍ അഞ്ചുവര്‍ഷം കൂടി കഴിയേണ്ടിവരുമെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. പതിനേഴും പത്തൊന്‍പതും വയസുള്ള തുളസിയുടെര ണ്ടു പെണ്‍മക്കളില്‍ മൂത്ത മകള്‍ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം മാത്രമാണ് ഇവരുടെ ഏക ജീവിത ആശ്രയം. സുമനസുകളുടെ കാരുണ്യം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കി കുടുംബത്തിന് ഉടന്‍ താക്കോല്‍ കൈമാറാനുള്ള കാരുണ്യ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ നാട്ടുകാര്‍ .