രാഷ്ട്രീയ എതിരാളികള്‍ക്കും പ്രിയങ്കരന്‍

knr-noordeengandhiനിശാന്ത് ഘോഷ്
കണ്ണൂര്‍: രാഷ്ട്രീയത്തിലായാലും അല്ലെങ്കിലും തുറന്ന ചിരിയോടു കൂടിയുള്ള സൗഹൃദം. അതായിരുന്നു കെ.പി. നൂറുദ്ദീന്‍. പ്രസംഗങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ പലപ്പോഴും വ്യക്തിപരമായി പോലും തേജോവധം ചെയ്തപ്പോഴും അതിനെ ചിരിച്ചുകൊണ്ടു നേരിടുന്ന ശൈലിയായിരുന്നു നൂറുദ്ദീന്റേത്. ഇക്കാരണം കൊണ്ടുതന്നെ അദ്ദേഹം രാഷ്ട്രീയ എതിരാളികള്‍ക്കു പോലും പ്രിയങ്കരനായിരുന്നു. പ്രായാധിക്യത്തിന്റെ അവശത നേരിടുമ്പോഴും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഏതു പരിപാടിയാണെങ്കിലും നൂറുദ്ദീന്‍ എത്തുമായിരുന്നു. പരിപാടി ചെറുതോ വലുതോ എന്നതൊന്നും അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല. പാര്‍ട്ടിയോടായിരുന്നു അദ്ദേഹത്തിന് എന്നും കൂറ്.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി നൂറുദ്ദീനെ  സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഐ ഗ്രൂപ്പുകാര്‍ സീറ്റ് തങ്ങള്‍ക്കു വേണമെന്ന വാദവുമായി രംഗത്തെത്തുകയും ഐ ഗ്രൂപ്പിന്റെ നേതാവായ കെ. കരുണാകരനില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിനു വഴങ്ങി കരുണാകരന്‍ പ്രഫ. എ.ഡി മുസ്തഫയെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് കെപിസിസിയും അംഗീകാരം നല്‍കിയതോടെ ഒരു പരിഭവവും പറയാതെ നൂറുദ്ദീന്‍ മാറിനില്‍ക്കുകയായിരുന്നു. മത്സരരംഗത്തുനിന്നും പിന്മാറരുതെന്ന് അണികള്‍ നിര്‍ബന്ധിച്ചപ്പോള്‍ പാര്‍ട്ടിയാണ് വലുതെന്നു പറഞ്ഞ് എ.ഡി. മുസ്തഫയ്ക്കുവേണ്ടി പ്രവര്‍ത്തകര്‍ക്കൊപ്പം രംഗത്തിറങ്ങി നേതാവെന്ന വാക്കിന്റെ അര്‍ഥം ജീവിതംകൊണ്ടു കാണിച്ചു കൊടുക്കുക കൂടിയായിരുന്നു അന്ന് അദ്ദേഹം ചെയ്തത്.

ഗ്രൂപ്പ് വഴക്ക് പാരമ്യതയില്‍ നില്‍ക്കുന്ന വേളയില്‍ ഒരേ പാര്‍ട്ടിക്കാര്‍ പരസ്പരം കടിച്ചുകീറുന്ന അവസ്ഥയായിരുന്നു കോണ്‍ഗ്രസില്‍. എ വിഭാഗത്തിന്റെ വക്താവായി നില്‍ക്കുമ്പോള്‍ തന്നെ എതിര്‍ഗ്രൂപ്പുകാരെ പാര്‍ട്ടിയിലും പരിപാടികളിലും ഒന്നിച്ചു നിര്‍ത്താന്‍ നൂറുദ്ദീനു കഴിഞ്ഞിരുന്നു. ഗ്രൂപ്പിസത്തിന് അതീതമായി പ്രവര്‍ത്തകര്‍ക്കു സുഹൃത്തും വഴികാട്ടിയുമായി മാറുകയും ചെയ്തിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1953 ല്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ കുറ്റൂര്‍ പെരുവാമ്പ യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തന്റെ പ്രവര്‍ത്തന മികവുകൊണ്ട് നേതൃനിരയിലേക്ക് പെട്ടെന്നുതന്നെ എത്തിച്ചേര്‍ന്നു. 38ാമത്തെ വയസില്‍ 1977ല്‍ പേരാവൂരില്‍ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം അഞ്ചു തവണ പേരാവൂരിനെ പ്രതിനിധാനം ചെയ്തു നിയമസഭയിലെത്തി. 1977ല്‍ സിപിഎമ്മിലെ ഇ.പി. കൃഷ്ണന്‍നമ്പ്യാരെ പരാജയപ്പെടുത്തിയായിരുന്നു കന്നി വിജയം.

984 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. കടുത്ത ആന്റണിപക്ഷക്കാരനായിരുന്ന നൂറുദ്ദീന്‍ ആന്റണിയും കൂട്ടരും കോണ്‍ഗ്രസ് വിട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-യു രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രധാന സംഘാടകനായി. 1980ല്‍ ഐഎന്‍സി യു സ്ഥാനാര്‍ഥിയായിട്ടായിരുന്നു പേരാവൂരിലെ രണ്ടാം മത്സരം. കോണ്‍ഗ്രസ്-ഐയിലെ സിഎം കരുണാകരന്‍ നമ്പ്യാരെ 4116 വോട്ടിനായിരുന്നു അന്നു പരാജയപ്പെടുത്തിയത്. 1982ലെ മൂന്നാമങ്കത്തില്‍ പി. രാമകൃഷ്ണനെയായിരുന്നു പരാജയപ്പെടുത്തിയത്. അത്തവണ മന്ത്രിയുമായി. 87ലും 91ലും കടന്നപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെത്തിയത്.

Related posts