റാന്നി: താലൂക്ക് ആശുപത്രിയിലെ ജനറൽ ഒപി വിഭാഗത്തിനു മുന്നിൽ ഡോക്ടറെ കാത്ത് മണിക്കൂറുകളോളം തിക്കിലും തിരക്കിലുംപെട്ട് പ്രായാധിക്യത്തിൽപെട്ടവരും കുട്ടികളടക്കമുള്ളവരും വലയുന്നു. മതിയായ ഡോക്ടർമാരുടെ കുറവാണ് രോഗികൾക്ക് വിനയാകുന്നത്.
പനി ക്ലീനിക് എന്നുകൂടി എഴുതി വച്ചിരിക്കുന്ന ഒപിയ്ക്കു മുന്നിൽ പലപ്പോഴും നൂറിലേറെ ആളുകളാണ് ഡോക്ടറെ കാത്തുനിൽക്കുന്നത്. ഉള്ളിൽ നിന്ന് ചീട്ട് വാങ്ങിച്ചശേഷം ഇവിടെ പേര് വിളിക്കുകയാണ്. ചീട്ടുകൾ ഉള്ളിലേക്ക് നല്‍കാനെത്തുന്നവർ മുതൽ ആദ്യം വന്നവർ വരെ വാതിലിൽ എത്താൻ തള്ളുന്നതിനാൽ കുട്ടികളും പ്രായമായവരും തിക്കിലും തിരക്കിലുംപെടുന്നു.
ദിവസം നാനൂറിലധികം പേർ ഒപിയിലെത്താറുണ്ട്. പനിയുൾപ്പെടെ വിവിധ പകർച്ച വ്യാധികളുമായെത്തുന്നവരും വിഷബാധയുൾപ്പെടെയുള്ളവർക്ക് പ്രതിരോധ വാക്സിൻ എടുക്കാനെത്തുന്നവരും എല്ലാം ഈ തിരക്കിൽപെട്ട് വലയുന്ന കാഴ്ച ഇവിടെ സാധാരണമാണ്.
ജനറൽ ഒപിയിൽ സാധാരണ രണ്ട് ഡോക്ടർമാരാണുള്ളതെങ്കിലും മിക്കപ്പോഴും ഒരാൾ പുറത്തായിരിക്കും. പ്രതിരോധ വാക്സിനുകളും ഇന്‍ജക്ഷനുകളും അത്യാഹിത വിഭാഗത്തിലാണ് നല്കുന്നതെങ്കിലും ജനറൽ ഒപിയിൽ ചാർജുള്ള ഡോക്ടർ ഓരോ തവണയും കുറിച്ചു നല്‍കേണ്ടതുണ്ട്.
ഇതിന് മറ്റ് സംവിധാനം ഏർപ്പെടുത്തിയാൽ ബുദ്ധിമുട്ടുകൾ കുറെയൊക്കെ ഒഴിവാക്കാം. നിലവിലുള്ള ഒപിയിലെ തിരക്ക് കുറയ്ക്കാൻ വേറെ റൂം സൗകര്യവും ഡോക്ടറെയും നിയോഗിക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.