ഹൈദരാബാദ്: ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും പോലീസും പറഞ്ഞ പ്രസ്താവനകള്‍ തെറ്റാണെന്ന് അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ വെളിപ്പെടുത്തല്‍.
രോഹിതിന് വൈദ്യസഹായം നല്കാന് വിദ്യാര്‍ഥികള്‍ ഡോക്ടറെ അനുവദിച്ചില്ലെന്നായിരുന്നു മന്ത്രി കഴിഞ്ഞദിവസം ലോക്സഭയില്‍ പറഞ്ഞത്. ഇതുതന്നെയാണു പോലീസും നേരത്തെ ആരോപിച്ചത്.
എന്നാല്‍, സംഭവം അറിഞ്ഞയുടന്‍തന്നെ അവിടേക്ക് ഓടിച്ചെന്നുവെന്നും രോഹിതിന്റെ ശരീരം പരിശോധിച്ചപ്പോള്‍ മരിച്ചുകഴിഞ്ഞതായി മനസിലായെന്നും ഡോക്ടര്‍ രാജശ്രീ അറിയിച്ചു. മരണം സംഭവിച്ച ജനുവരി 17ന് രാത്രി 7.20നാണ് വിവരം അറിഞ്ഞത്. ഓടിച്ചെന്നു ശരീരം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തണുത്തു മരവിച്ചിരുന്നു. നാടിമിടിപ്പ് ഉണ്ടായിരുന്നില്ല. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും പരിശോധിച്ചപ്പോള്‍ ഇല്ലെന്നു മനസിലായെന്നും ഡോക്ടര്‍ പറഞ്ഞു. രോഹിതിന്റെ ശരീരം പരിശോധിക്കാന്‍ മുറിയിലേക്കു കയറിയപ്പോള്‍ ആരും തടഞ്ഞില്ല. സംഭവസ്ഥലത്ത് അപ്പോള്‍ വിദ്യാര്‍ഥികളും താനും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പോലീസ് എത്തിയിരുന്നില്ലെന്നും ഡോക്ടര്‍ രാജശ്രീ വാര്‍ത്താ ലേഖകരോടു പറഞ്ഞു.