ആലപ്പുഴ: മഴയെത്തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട കുഴികള്‍ യാത്രക്കാരെ വലയ്ക്കുന്നു. തിരുവാമ്പാടി, വലിയചുടുകാട്, തിരുമല, ജനറല്‍ ആശുപത്രി ജംഗ്ഷന്, കളര്‍കോട് ജംഗ്ഷന് തുടങ്ങിയിടങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മഴയെത്തുടര്‍ന്ന് രൂപപ്പെട്ട കുഴികളാണ് യാത്രക്കാരെ വലയ്ക്കുന്നത്. തിരുവാമ്പാടി, വലിയചുടുകാട് പ്രദേശങ്ങളില്‍ ദേശീയ പാതയില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാത്രമല്ല വലിയ വാഹനങ്ങള്‍ക്കുപോലും അപകടഭീഷണിയായി മാറിക്കഴിഞ്ഞു.
മഴസമയത്തു വെള്ളം കെട്ടിനില്‍ക്കുന്ന ഈ കുഴികളറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് നിയന്ത്രണം തെറ്റി അപകടത്തിനിടയാക്കുന്നുണ്ട്. വലിയ വാഹനങ്ങളുടെ നിയന്ത്രണം കുഴിയില്‍ വീണ് പോയ സംഭവങ്ങളും സമീപ ദിവസങ്ങളിലിവിടെയുണ്ടായി. ദിവസേന ആയിരക്കണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രദേശങ്ങളിലാണ് മഴമൂലം റോഡില്‍ അഗാത ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങൡലും ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
ശവക്കോട്ടപാലം- കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റോഡില്‍ ജില്ലാ കോടതി പാലത്തിനു കിഴക്ക് റോഡില്‍ ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികള്‍ കാല് നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്ക്കുമാണ് ഭീഷണിയായിരിക്കുന്നത്. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ റോഡിലെ മെറ്റിലുകള്‍ തെറിക്കുന്നതു സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. കുഴികള്‍ രൂപപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇത് നികത്തുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.