ലൈറ്റ് ഹൗസ് റോഡ് നിര്‍മാണം: നിരാഹാരസമരം നാലാം ദിവസം

ekm-samaramനിരാഹാരസമരം നാലാം ദിവസംവൈപ്പിന്‍: സൗത്ത് പുതുവൈപ്പ്എഎസ് ജംഗ്ഷന്‍ ലൈറ്റ്ഹൗസ് റോഡിന്റെ പുനര്‍നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പുതുവൈപ്പ് തീരദേശ സംരക്ഷണ സമിതി ചെയര്‍മാന്‍ സേവ്യാര്‍ തുണ്ടിപ്പറമ്പില്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ആരംഭിച്ചിട്ടുള്ള അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.

ഞാറക്കല്‍ എസ്‌ഐ ആര്‍. രഗീഷ് കുമാര്‍ ഡോക്ടറെയും കൂട്ടി നിരാഹാരപന്തലില്‍ എത്തി സത്യാഗ്രഹിയുടെ ആരോഗ്യനില പരിശോധിച്ചു. തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ സമരം നിര്‍ത്താന്‍ എസ് ഐ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാടാണ് സമര സമിതിക്ക്. സത്യാഗ്രം കിടക്കുന്ന ചെയര്‍മാനെ അറസ്റ്റ് ചെയ്താല്‍ അടുത്തയാള്‍ നിരാഹാരമനുഷ്ഠിക്കാന്‍ തയാറാണെന്ന് സമിതി നേതാവായ  കെ.എക്‌സ്. റോബിന്‍ അറിയിച്ചു.

ഇന്ന് പഞ്ചായത്ത് കമ്മിറ്റി റോഡിന്റെ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം  എസ് ഐ പഞ്ചായത്ത് പ്രസിഡന്റുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് വക റോഡ് നന്നാക്കാന്‍ മൂന്ന് വര്‍ഷമായി എല്‍എന്‍ജി ഫണ്ട് കാത്തിരിക്കുകയാണ് പഞ്ചായത്ത്. ഇത് ന്യായീകരിക്കാന്‍ പറ്റാത്തതാണെന്ന് കേരള ലേബര്‍മൂവ്‌മെന്റ് വരാപ്പുഴ അതിരൂപത പ്രസിഡന്റ് കെ ഡി ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പഞ്ചായത്തും എംഎല്‍എയും കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഇദ്ദേഹം ആരോപിച്ചു.

എംഎല്‍എ മുന്‍കൈ എടുത്ത്  റോഡ് നിര്‍മ്മാണത്തിനായി എല്‍എന്‍ജി എളങ്കുന്നപ്പുഴ പഞ്ചായത്തിന് അനുവദിച്ചിട്ടുള്ള പ്രാദേശിക വികസനഫണ്ടില്‍നിന്ന്  നാലു കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കളക്ടര്‍വഴി എല്‍എന്‍ജിക്ക് സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ മാസം ഒന്നു കഴിഞ്ഞു. ഇതുവരെയും ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ എല്‍എന്‍ജി തീരുമാനമൊന്നുമെടുത്തിട്ടില്ല . ഇതാണ് റോഡ് നിര്‍മ്മാണം അനന്തമായി നീളുന്നത്.

Related posts