ലോക്കപ്പിലായ വെള്ളിമൂങ്ങ ജാമ്യക്കാരെ കാത്തിരിക്കുന്നു

tvm-vellimoongaകാട്ടാക്കട : ചെയ്യാത്ത കുറ്റത്തിന് നാട്ടുകാരും പോലീസും ലോക്കപ്പിലാക്കിയ വെള്ളിമൂങ്ങ ജാമ്യക്കാരെ കാത്തിരിക്കുകയാണ്. അവരെത്തിയാല്‍ വിട്ടുകൊടുക്കാന്‍ തയാറായി പോലീസും.ഇന്നലെ രാവിലെയാണ് വെള്ളിമൂങ്ങയെ മലയിന്‍കീഴിനടുത്ത് ഇരട്ടകലുങ്ക് അമ്മാഗാര്‍ഡന്‍സിലെ ജയറാം എന്ന റിട്ട. പോലീസ് ജീവനക്കാരന്റെ വീട്ടില്‍ കാണുന്നത്. ജയറാം ആദ്യം ഒന്ന് പകച്ചു. പിന്നീടാണ് അപ്രതീക്ഷിതമായി നാട്ടിലെത്തിയ ജീവി വെള്ളി മൂങ്ങ എന്ന് തിരിച്ചറിയുന്നതും വിവരം മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുന്നതും.

മന്ത്രവാദത്തിനും മരുന്നിനും വ്യാപകമായി വേട്ടയാടപ്പെടുന്ന വെള്ളിമൂങ്ങ അങ്ങിനെയാണ് മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ ഒരു ” തടവുകാരനായി ” എത്തിയത്. അപൂര്‍വ വന്യജീവിയായതിനാല്‍ പോലീസുകാര്‍ വനം വകുപ്പിനെ അറിയിച്ചു. എന്നാല്‍ ഇന്നലെ രാത്രി വൈകിയും വനം വകുപ്പ് എത്തിയില്ല. വനം വകുപ്പ് എത്തി വെള്ളി മൂങ്ങയെ വനത്തില്‍ തുറന്നുവിടുകയാണ് ചെയ്യുന്നത്. കസ്റ്റഡിയിലായതിനാല്‍ ജാമ്യക്കാരെ ഏല്‍പ്പിക്കാതെ വേറെ വഴിയില്ല പോലീസിന്. സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ വരുന്നവര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായിരിക്കുകയാണ് ഈ വെള്ളി മൂങ്ങ.

Related posts