വടകരയില്‍ വയറിളക്കവും പകര്‍ച്ചപനിയും വ്യാപകം

ALP-paniവടകര:  താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപനിയും വയറിളക്കവും വ്യപകമാവുന്നു. തീരപ്രദേശമെന്നോ മലയോരമെന്നോ വ്യത്യാസമില്ലാതെ രോഗം പടര്‍ന്നുപിടിക്കുകയാണ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിവരുന്നു. ജില്ലാ ആശുപത്രിയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ പേരാണ് ഒ.പിയില്‍ ചികിത്സ തേടി എത്തിയത്. മഴക്കാലമായതോടെ അഭൂതപൂര്‍വമായ തിരക്കാണ് ഇവിടെ. താഴെഅങ്ങാടി, പുത്തൂര്‍, നടക്കുതാഴ,  കുട്ടോത്ത്, ചെമ്മരത്തൂര്‍, കാര്‍ത്തികപ്പള്ളി, എടച്ചേരി എന്നിവിടങ്ങള്‍ക്ക് പുറമെ സമീപ പ്രദേശങ്ങളായ ഇരിങ്ങല്‍, മുയിപ്പോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നു.

ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നും മറ്റും വരുന്ന ‘ഷിഗല്ല സോണി’ എന്ന ബാക്ടീരിയയാണ് വയറിളക്കത്തിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഇത് ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ പെട്ടന്ന് വ്യാപിക്കുകയും തലച്ചോറിലേക്ക് എത്തുകയും ചെയ്യും. സ്ഥിതി വഷളാവാന്‍ ഇതിന്റെ അളവ് ചെറിയ തോതില്‍ മതിയെന്നാണ് വിദഗ്ധ ര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ് വടകര മേഖലയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ വയറിളക്കം ബാധിച്ചു രണ്ട് മരണമുണ്ടായതോടെ സ്ഥിതി ഗുരുതരമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജനങ്ങളില്‍ ബോധവത്കരണം നടത്താനുള്ള ശ്രമമാണ് ആരോഗ്യവിഭാഗം അധികൃതരുടേത്. ആദ്യഘട്ടത്തില്‍ ആശവര്‍ക്കര്‍മാര്‍ വീടുകള്‍ കയറിയിറങ്ങി ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

വാര്‍ഡുകളിലെ ജനപ്രതിനിധികളെയും വിവിധ സംഘടനകളുടെ ഭാരവാഹികളെയും ഉള്‍പ്പെടുത്തി ബോധവത്കരണം നടത്താനും് തീരുമാനിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ പെരുകാന്‍ സാധ്യത ഏറെയാണ്.  തിളപ്പിച്ചാറ്റിയ വെള്ളമേ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.  (അഞ്ചു മിനുട്ടെങ്കിലും തിളപ്പിക്കണം). വീടും പരിസരവും വൃത്തിയായി സംരക്ഷിക്കേണ്ടതുണ്ട്. (കെട്ടിനില്‍ക്കുന്ന വെള്ളങ്ങളിലൂടെ ബാക്ടീരിയ വരാന്‍ സാധ്യത കൂടുതലാണ്).  ഭക്ഷണ പദാര്‍ഥങ്ങളില്‍ ഈച്ചകള്‍ വരുന്നത് തടയുക (പെട്ടെന്ന് തന്നെ ബാക്ടീരിയ വരാനുള്ള വലിയ കാരണമാണ് ഈച്ചകള്‍).

തോലുള്ള പഴങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി തോല്‍ കളഞ്ഞ ശേഷം വീണ്ടും കഴുകി മാത്രം ഭക്ഷിക്കുക. ഭക്ഷണം പാചകം ചെയ്യുന്നവര്‍ നന്നായി സോപ്പിട്ട് കൈ കഴുകണം.  ഭക്ഷണം കഴിക്കാനുപയോഗിക്കുന്നവ നല്ലവണ്ണം വൃത്തിയാക്കണം. കക്കൂസ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കാനോ കൊണ്ടിടാനോ പാടില്ല (ചെറിയ കുട്ടികളുടേതടക്കം). തുടങ്ങിയ കാര്യങ്ങള്‍ പാലിക്കപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. അതേസമയം ഇത്രയും മാരകമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും എല്ലാവരും ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികളെ കുഴക്കുകയാണ്. രണ്ട് ദിവസങ്ങളിലായി 400 ഓളം കുട്ടികള്‍ മാത്രം വിവിധ തരത്തിലുള്ള രോഗങ്ങളാല്‍ ഇവിടെ എത്തി.

ഇതില്‍ അഡ്മിറ്റ് ചെയ്തവരെ പരിശോധിക്കുന്നതിനായും മറ്റും പീഡിയാട്രിക് വിഭാഗം സജ്ജമല്ലെന്നാണ്  ആശുപത്രി അധികൃതരുടെ നിലപാട്. ഒഴിവുകളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കാത്തതും രോഗികളെ വെട്ടിലാക്കിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ കുറവായത് കാരണം ആശുപത്രിയിലെത്തുന്ന രോഗികളുടെ വലിയ ക്യൂ പതിവു കാഴ്ചയായി. മാരകരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടും ഡോക്ടര്‍മാരെ നിയമിക്കുന്ന കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Related posts