ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്ക് രണ്ടു ദിവസം ആർത്താവാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ ജോലിചെയ്യേണ്ടിവരുന്ന വനിത ജീവനക്കാർക്ക് ആർത്തവ ദിവസങ്ങളിൽ രണ്ട് ദിവസം ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുക, ജോലിസ്ഥലത്തു വൃത്തിഹീനമായ ശൗചാലയവും മറ്റും ഉപയോഗിക്കേണ്ടി വരുന്ന ശോചനീയമായ അവസ്ഥക്ക് പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർജി.
ഈവിഷയം കോർപ്പറേഷന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ എഫ്എഫ് ജെ എത്തിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല. അതേത്തുടർന്നാണ് വിഷയം കോടതിയുടെ മുമ്പാകെ കൊണ്ടുവന്നതെന്ന് എഫ് എഫ്ജെ നേതാക്കൾ പറഞ്ഞു.
കർണാടക ഗവൺമെന്റ് അവരുടെ വനിത ജീവനക്കാർക്ക് (സംഘടിത / അസംഘടിത മേഖലയിൽ) അവധി അനുവദിച്ചിട്ടുള്ളത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.വനിതാ ജീവനക്കാരുടെ തൊഴിൽ സാഹചര്യവും ശരീരിക ബുദ്ധിമുട്ടുകളും തുടർച്ചയായി 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യം എന്നിവയും അഡ്വ. അനിൽകുമാർ എം. ശിവരാമൻ മുഖേന നല്കിയ ഹർജിയിൽ സൂചിപ്പിക്കുന്നു.
3000 ത്തോളം വരുന്ന വനിത ജീവനക്കാർക്ക് അവധി പ്രയോഗികമല്ല എന്ന നിലപാടാണ് കോർപ്പറേഷൻ സ്വീകരിച്ചത്. ഇത്രയും ജീവനക്കാർക്ക് അവധി നൽകുമ്പോൾ സർവീസ് നടത്താൻ കഴിയാതെ വരികയും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും ചെയ്യുമെന്നാണ് കെഎസ്ആർ ടി സി യുടെ നിലപാട്.ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് ആരായുകയും, സർക്കാർ നിലപാട് അറിയിക്കാൻ 14 ദിവസത്തെ സമയം കോടതി അനുവദിക്കുകയും ചെയ്തു.
പ്രദീപ് ചാത്തന്നൂർ

