വന്‍ തുക നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകള്‍ തെരഞ്ഞുപിടിച്ച് ഹാക്കിംഗ്; ഏഴംഗ സംഘം പിടിയില്‍

EKM-ARRESTമട്ടാഞ്ചേരി: കോടികള്‍ ബാങ്ക് നിക്ഷേപമുള്ളവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച ഏഴംഗ സംഘം പോലീസിന്റെ പിടിയിലായി. പത്തനംതിട്ട വടക്കേടത്ത് കാവ് സുമാ ഭവനത്തില്‍ മോഹനന്‍ (55), മലപ്പുറം വലിയകുന്ന് വലിയപറമ്പില്‍ മൂസ(28), മലപ്പുറം വാളാഞ്ചേരി വത്തേരി വീട്ടില്‍ വി.എ. അസര്‍(23), ആലപ്പുഴ പുന്നപ്ര തെക്ക് പുത്തന്‍ പറമ്പില്‍ അന്‍സാര്‍ ബഷീര്‍(30), എറണാകുളം പെരുമ്പാവൂര്‍ ഒക്കലില്‍ കളരിക്കല്‍ വീട്ടില്‍ ലൈജു കെ. ദേവസി(36), ആലപ്പുഴ വലിയകുളം മിര്‍സന്‍ പാലസില്‍ റഷീദ്(36), വണ്ടാനം മെഡിക്കല്‍ കോളജിന് സമീപം പുത്തന്‍പറമ്പില്‍ വീട്ടില്‍ വി. രാഹുല്‍(23) എന്നിവരാണ് ഫോര്‍ട്ടുകൊച്ചി എസ്‌ഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്.

വന്‍ തുക നിക്ഷേപമുള്ള അക്കൗണ്ടുകള്‍ തെരഞ്ഞുപിടിച്ച് ബാങ്കുകളുടെ സൈറ്റ് ഹാക്ക് ചെയ്താണ് ഇവര്‍ പണം തട്ടാന്‍ ശ്രമിച്ചത്. കൊച്ചി റേഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധര്‍ ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു. പല കാരണങ്ങളാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രീസ് ചെയ്യപ്പെട്ടിട്ടുള്ളതും കോടികള്‍ ബാലന്‍സുള്ളതുമായ സംസ്ഥാനത്തിന് പുറത്തുള്ളവരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ബാങ്ക് സൈറ്റുകള്‍ ഹാക്ക് ചെയ്തത്.

ഹാക്കിംഗ് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍ ഒത്തുകൂടിയപ്പോഴാണ് ഡിസിപി അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ച ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, നെറ്റ് സെറ്ററുകള്‍ എന്നിവ പോലീസ് കണെ്ടടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts