തിരുവനന്തപുരം : വര്‍ക്കല അയിരൂരില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറു വര്‍ഷങ്ങള്‍ക്കിപ്പുറം വിധി പ്രസ്താവം. നാടിനെ നടുക്കിയ കേസില്‍ ഇന്നലെ കോടതി വിധി പറഞ്ഞതിലൂടെ അഴിക്കുള്ളിലാകുന്നത് ഡിഎച്ച്ആര്‍എം സംഘടനയുടെ പ്രധാന നേതാക്കളായ ചെയര്‍മാന്‍ ശെല്‍വരാജ്, ഓര്‍ഗനൈസര്‍ ചെറിയന്നൂര്‍ ദാസ് ഉള്‍പ്പെടെയുള്ളവരാണ്.
2009 കാലഘട്ടത്തിലാണ് സംഘടന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും സംഘടന പതിയെ വേരുറുപ്പിച്ചു തുടങ്ങി. കേഡര്‍ സംവിധാനം രൂപപ്പെടുത്തിയ നേതാക്കള്‍ വ്യത്യസ്തമായ പരിശീലന രീതികള്‍ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചു. ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ ഇവര്‍ ഏറ്റെടുത്ത് തീവ്രമായ നിലയില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കി. കൂടുതല്‍ ദളിത് വിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിയ സംഘടന ചിന്തിച്ചത് ക്രൂരമായ പദ്ധതികളായിരുന്നു.
സംഘടനയുടെ വരവറിയിക്കുവാന്‍ ദളിതരല്ലാത്ത ചിലരെ കൊലപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശ്രദ്ധയാകര്‍ഷിക്കാനാണ് ഇവര്‍ ശിവപ്രസാദിനെ കൊലപ്പെടുത്തിയതെന്നു പിന്നീട് പോലീസ് കണ്ടെത്തി. വര്‍ക്കലയിലും പരിസര പ്രദേശങ്ങളിലെയും കോളനികളില്‍ ഡിഎച്ച്ആര്‍എം സജീവമായിരുന്നു. നിരവധി രഹസ്യയോഗങ്ങളിലൂടെ കൊലയ്ക്കും അക്രമത്തിനും ഇവര്‍ രൂപം നല്‍കി. ആയുധങ്ങളും വാഹനങ്ങളും സജ്ജീകരിച്ച മുന്നു സംഘങ്ങളായി തിരിഞ്ഞ് ഇരകളെ വീഴ്ത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു.
പ്രഭാത സവാരിക്കിടയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ കൊലപ്പെടുത്തുകയും സമീപത്ത് ചായക്കട തുറക്കുവാനെത്തിയ അശോകനെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷത്തില്‍ പതിനാറു പേരെ പ്രതി ചേര്‍ത്ത് വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ 2009 ഡിസംബര്‍ 23 ന് കോടതിയില്‍ കുറ്റപത്രം നല്‍കി.