വിദ്യാഭ്യാസ യോഗ്യതയില്‍ വരുത്തിയ പരിഷ്കാരം; ലാസ്റ്റ് ഗ്രേഡ് നിയമനം നീളുന്നു

TOP-PSCറിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: വിദ്യാഭ്യാസയോഗ്യതയില്‍ വരുത്തിയ പരിഷ്കാരത്തിലെ അവ്യക്തതകളെത്തുടര്‍ന്ന്  ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികകളിലെ നിയമനം നീളുന്നു. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പരിഷ്കരിച്ചുകൊണ്ട് കഴിഞ്ഞ ജൂണ്‍ നാലിന്് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലാണ് ആശയക്കുഴപ്പം ഉണ്ടായത്. നിലവിലെ റാങ്ക് ലിസ്റ്റുകള്‍ക്ക് ഇളവ് നല്‍കുന്നുവെന്ന് വിജ്ഞാപനത്തില്‍ പ്രത്യേകം രേഖപ്പെടുത്താത്തതിനാല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച അന്നുമുതല്‍ പുതിയ യോഗ്യത പ്രാബല്യത്തിലുമായി. 2013ല്‍ നിലവിലിരുന്ന യോഗ്യതയനുസരിച്ചാണ് നിലവിലെ  റാങ്ക് പട്ടിക തയാറാക്കിയത്. അതിന് 2018 ജൂണ്‍ 29 വരെ കാലാവധിയുമുണ്ട്.

അടിസ്ഥാനയോഗ്യത ഏഴാം ക്ലാസ് വിജയമാക്കിയാണ് വിദ്യാഭ്യാസയോഗ്യതയില്‍ പിഎസ്‌സി പരിഷ്കാരം വരുത്തിയത്. ഇപ്പോഴത്തെ റാങ്ക് പട്ടികയിലുള്ളവരില്‍ ഭൂരിഭാഗവും ബിരുദധാരികളാണ്. പിഎസ്‌സിയുടെ നിലവിലെ റാങ്ക് പട്ടിക മുമ്പത്തെ യോഗ്യതയനുസരിച്ചു തയാറാക്കിയതാണ്. പുതുക്കിയ യോഗ്യതയനുസരിച്ച് ബിരുദധാരികളെ ലാസ്റ്റ് ഗ്രേഡ് ജോലിക്കു നിയമിക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍ പിഎസ്‌സി ജില്ലാ ഓഫിസുകളില്‍നിന്നുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് നിയമനശിപാര്‍ശകള്‍ തത്കാലത്തേക്കു നിര്‍ത്തിവച്ചിരിക്കുകയാണ്.

യോഗ്യതാപരിഷ്കാരം വിജ്ഞാപനം ചെയ്യുമ്പോള്‍ പിഎസ്‌സിയുടെ അടുത്ത വിജ്ഞാപനം മുതലായിരിക്കും ഇതു ബാധകമാവുകയെന്നു സാധാരണയായി പ്രത്യേകം രേഖപ്പെടുത്താറുണ്ട്. എന്നാല്‍, ലാസ്റ്റ് ഗ്രേഡിന്റെ കാര്യത്തില്‍ അതുണ്ടാവാത്തതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണമായത്. സാധാരണയായി സര്‍ക്കാര്‍ യോഗ്യത പരിഷ്കരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ നിലവിലെ റാങ്ക് ലിസ്റ്റുകള്‍ക്ക് ബാധകമാവില്ലെന്ന് പ്രത്യേകം രേഖപ്പെടുത്താറുണ്ട്.

യോഗ്യത പരിഷ്കരണത്തിനുള്ള അധികാരം  സര്‍ക്കാരിനാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിഎസ്‌സിക്ക് സ്വന്തം നിലയില്‍ നിയമന ശിപാര്‍ശ നല്‍കാനാവില്ല. അതുകൊണ്ട് ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ നിയമന ശിപാര്‍ശ സര്‍ക്കാര്‍ തീരുമാനപ്രകാരം നല്‍കിയാല്‍ മതിയെന്ന് ജില്ലാ ഓഫിസര്‍മാര്‍ക്കു പിഎസ്‌സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിജ്ഞാപനത്തിലെ അവ്യക്തത നീക്കണമെന്നു വരുംദിവസങ്ങളില്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനും സാധ്യതയുണ്ട്. സര്‍ക്കാരിന് തിരുത്തല്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെങ്കില്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി വേണം. ഇതിനുശേഷം എക്‌സിക്യൂട്ടീവ് ഉത്തരവായി പുതിയ വിജ്ഞാപനം ഇറങ്ങണം. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികകളിലെ നിയമന നടപടികള്‍ ആദ്യം ആരംഭിച്ചിരുന്നുവെങ്കിലും വിദ്യാഭ്യാസയോഗ്യതയില്‍ വരുത്തിയ പരിഷ്കാരത്തിലെ അവ്യക്തതകളെത്തുടര്‍ന്ന് നില യ്ക്കുകയായിരുന്നു.

Related posts