പത്തനാപുരം: ജഗദീഷിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാല്‍. വിദ്യാഭ്യാസം മാത്രം പോരാ സംസ്ക്കാരവും വേണമെന്നും എഐസിസി അംഗമായ ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായ ജഗദീഷിനെതിരെ ഗാന്ധിഭവനില്‍ നടന്ന അനുസ്മരണ ചടങ്ങിലാണ് ഷാഹിദാ കമാല്‍ ആഞ്ഞടിച്ചത്.
ഗണേഷിനെതിരെ ജഗദീഷ് നടത്തിയ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ജഗദീഷിന്റെ പ്രതികരണത്തോട് തനിക്ക് യോജിക്കാനാവില്ല. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും സൗഹൃദവും സൂക്ഷിക്കാനാവണം. മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കാലമാണിത്. ഏതൊരാളെയും എന്തും പറയാമെന്ന ധാരണ ശരിയല്ല. വിദ്യാഭ്യാസത്തിനപ്പുറം സംസ്കാരം കൂടിയുണ്ട്. നിര്‍ഭാഗ്യകരമായ പ്രതികരണമാണ് ജഗദീഷിന്റേതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. ഷാഹിദാ കമാലിന്റെ പ്രസ്താവന യുഡിഎഫ് ക്യാമ്പുകളെയും ഞെട്ടിച്ചിരിക്കുകയാണ്.